കനത്ത മഴ; മേപ്പയ്യൂരില്‍ വീട്ടുവളപ്പിലെ കിണറും ആള്‍മറയും ഇടിഞ്ഞുതാഴ്ന്നു


മേപ്പയ്യൂര്‍: കനത്ത മഴയില്‍ മേപ്പയ്യൂരില്‍ വീട്ടുവളപ്പിലെ കിണറും ആള്‍മറയും ഇടിഞ്ഞുതാഴ്ന്നു. ഒന്‍പതാം വാര്‍ഡിലെ കിഴക്കേട്ടില്‍ ദാമോദരന്‍ നായരുടെ വീട്ടുവളപ്പിലെ കിണറാണ് ഇടിഞ്ഞത്. സമീപത്തെ മതില്‍ തകര്‍ന്നു വീഴുകയും ചെയ്തു.

കിണര്‍ ആള്‍മറയോടൊപ്പവും ചുറ്റുമുള്ള ഒരു മീറ്റര്‍ വ്യാസത്തില്‍ മണ്ണടക്കം കിണറ്റിലേക്ക് ഇടിഞ്ഞു വീണു. പറമ്പിന്റെ കല്‍മതില്‍ ഏകദേശം 15 മീറ്ററോളം നീളത്തില്‍ ഇടിഞ്ഞു. കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രദേശത്ത് ശക്തമായ മഴയാണ്. ഏകദേശം അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം വന്നതായി കണക്കാക്കുന്നു.

പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍, സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കലൂര്‍, മെമ്പര്‍ മിനി അശോകന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.