കാലവര്‍ഷം കനക്കുന്നു, സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയില്‍ ഇന്നും അടുത്ത രണ്ടു ദിവസങ്ങളിലും യെല്ലോ അലര്‍ട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച്ചയും വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് കോഴിക്കോട് ജില്ലയിലുള്‍പ്പെടെ ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളാണ് മറ്റുള്ളവ. ചൊവ്വാഴ്ചയും ബുധനാഴ്ചയും മധ്യ കേരളത്തിലും വടക്കന്‍ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒറ്റപെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരുന്നു. 22 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

20,21 തീയതികളില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. അടുത്ത മൂന്നു മണിക്കൂറില്‍ കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.