വേനൽ മഴയിലും കാറ്റിലും വ്യാപക നാശം; നൊച്ചാടും കൂട്ടാലിടയും മരം വീണ് വീട് തകർന്നു


നൊച്ചാട്: ശനിയാഴ്ച വൈകീട്ടോടെ ഉണ്ടായ കാറ്റിലും മഴയിലും നൊച്ചാട് വീടുകൾക്ക് മുകളിൽ മരം കടപുഴകി വീണ് വീട് തകർന്നു. ചാത്തോത്ത് താഴ പാറക്കൽ താമസിക്കും അരീക്കോത്ത് കണ്ടി മീത്തൽ അഷ്റഫ്, വെള്ളിയൂർ കുളപ്പുറത്ത് മീത്തൽ ബാലൻ നായർ എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം സംഭവിച്ചത്.

അഷ്റഫിൻ്റെ വീടിന് മുകളിൽ തെങ്ങു വീണ് വീടിൻ്റെ അടുക്കള ഭാഗത്തിന്റെ ഓടും പട്ടികയും ചുമരും തകർന്നു. വീടിനു മുകളിലെ കോൺക്രീറ്റ് സ്ലാബും തകർന്നു. ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി വീട്ടുടമ അഷ്റഫ് പറഞ്ഞു. വാർഡ് മെമ്പർ പി എം രതീഷ് സ്ഥലത്തെത്തി തെങ്ങ് മുറിച്ചു മാറ്റാനുള്ള ശ്രമങ്ങൾ നടത്തി.

തെങ്ങു വീണ് വീട് തകർന്നത് കൂടാതെ കാവിൽ മാപ്പറ്റ താഴെ ഭാഗത്തേക്കുള്ള രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ കൂടി കനത്ത കാറ്റിലും മഴയിലും തകർന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ കാരണം അപകടങ്ങൾ ഒഴിവായി. ബാലൻ നായർക്ക് ഏകദേശം രണ്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായി.

അതേസമയം കൂടത്തിൽ ഗംഗാധരൻ നായരുടെ വീടിന് മുകളിൽ തെങ്ങ് വീണ് വീട് തകർന്നു. കൂട്ടാലിടയിലും സമീപ പ്രദേശങ്ങളിലും മരങ്ങൾ വീണ് വൈദ്യുതി തൂണുകളും തകർന്നു.