ശക്തമായ കാറ്റില്‍ കാപ്പാട് ബ്ലൂ ഫ്‌ളാഗ് ബീച്ചില്‍ നിരവധി മരങ്ങള്‍ മുറിഞ്ഞും കടപുഴകിയും വീണു; ഏഴ് എച്ച്.ടി പോസ്റ്റുകളും തകര്‍ന്നു, പൂക്കാട് സെക്ഷനില്‍ വൈദ്യുതി പൂര്‍ണമായി തടസപ്പെട്ടു


കാപ്പാട്: കനത്ത മഴയില്‍ കാപ്പാട് ബ്ലൂ ഫ്‌ളാഗ് ബീച്ചില്‍ വന്‍നാശനഷ്ടം. ബീച്ചിലെ വന്‍മരങ്ങള്‍ കടപുഴകിയും മുറിഞ്ഞുവീണു. ഏഴ് എച്ച്.ടി പോസ്റ്റുകളാണ് കാപ്പാട് ബീച്ചില്‍ മാത്രം തകർന്നത്. ഇതടക്കം 12 പോസ്റ്റുകള്‍ ഇവിടെ വീണിട്ടുണ്ട്.

കെ.എസ്.ഇ.ബി പൂക്കാട് സെക്ഷന് കീഴില്‍ നിലവില്‍ ഫീഡര്‍ ഓഫ് ചെയ്തിരിക്കുകയാണെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. പോസ്റ്റില്‍ മരംമുറിഞ്ഞുവീണതും ലൈന്‍ പൊട്ടിയതുമൊക്കെയായി നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്നും എവിടെയൊക്കെ നാശനഷ്ടങ്ങളുണ്ടായെന്ന് പരിശോധിച്ചശേഷം മാത്രമേ ഫീഡര്‍ ചാര്‍ജ് ചെയ്ത് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു തുടങ്ങൂവെന്നും അധികൃതര്‍ വ്യക്തമാക്കി.

മരംവീണ് കാപ്പാട് ബീച്ചിലെ കെട്ടിടങ്ങള്‍ക്കും വസ്തുവകകള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. കുളിക്കാനും വസ്ത്രം മാറാനുമുള്ള കേന്ദ്രങ്ങള്‍ക്കുമേലെ മരംവീണ് റൂഫ് തകരുകയും കെട്ടിടങ്ങള്‍ക്ക് ക്ഷതം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ന് പത്തരയോടെയാണ് കൊയിലാണ്ടി മേഖലയില്‍ ശക്തമായ കാറ്റ് വീശിയത്. മൂടാടി, കൊല്ലം, കൊയിലാണ്ടി, പൂക്കാട് മേഖലകളിലായി നിരവധി വീടുകള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മേഖലയില്‍ ഏതാണ്ട് എല്ലായിടത്തും വൈദ്യുതി ബന്ധം തകരാറിലായിരിക്കുകയാണ്.