കൊയിലാണ്ടിയിൽ കനത്ത മഴ, ഇടിമിന്നൽ; ജാഗ്രതയോടെയിരിക്കു


കൊയിലാണ്ടി: വേനല്‍ മഴയില്‍ മുങ്ങി കൊയിലാണ്ടി മേഖല. ഇന്ന് വൈകുന്നേരം ആറ് മണിക്ക് ശേഷം ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴയുമാണ് കൊയിലാണ്ടിയുടെ വിവിധ മേഖലകളില്‍ അനുഭവപ്പെട്ടത്. ശക്തമായ കാറ്റില്‍ വിവിധ സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. ഇതിനെ തുടര്‍ന്ന് പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു.

നിര്‍ത്താതെയുള്ള മഴയെ തുടര്‍ന്ന് പലയിടങ്ങളിലും റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. വിവാഹ വീടുകളെയും മഴ ഏറെ ബാധിച്ചു. വേനലായതിനാല്‍ തുണി പന്തലാണ് പല വീടുകളിലും കെട്ടിയത്. ഇത് മഴയില്‍ തകര്‍ന്നു. ഇതിനെ തുടര്‍ന്ന് കല്യാണ വീടുകളിലെത്തിയവര്‍ നനഞ്ഞ് കുളിച്ചാണ് തിരികെ പോയത്.

കാറ്റിലും മഴയിലും മരങ്ങളും ശിഖരങ്ങളും വീണതിനെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് ലഭിക്കുന്ന വിവരം. ഇടിമിന്നലും കേടുപാടുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. കൊയിലാണ്ടി മേഖലയില്‍ ആദ്യമായാണ് വേനല്‍മഴ ശക്തിയായി പെയ്യുന്നത്.

അതേ സമയം ജില്ലയില്‍ അടുത്ത മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആദ്യം പുറത്തിറക്കിയ അറിയിപ്പ് പിന്‍വലിച്ചാണ് പുതിയ അറിയിപ്പ് പുറപ്പെടുവിച്ചത്.