യുവാക്കളിലെ ഹൃദയാഘാതം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്


യുവാക്കളില്‍ ഹൃദയാഘാതം കൂടിവരികയാണ്. തെറ്റായ ഭക്ഷണക്രമവും മാറിയ ജീവിതരീതിയുമാണ് ഇതിന് കാരണം. രക്തധമനികളില്‍ ചീത്ത കൊളസ്ട്രോള്‍ അടിഞ്ഞുകൂടുന്നതിനാല്‍ ധമനികള്‍ തടസ്സം സൃഷ്ടിക്കപ്പെടുന്നു. ഇത്തരമൊരു അവസ്ഥയില്‍ രക്തം ഹൃദയത്തില്‍ എത്താന്‍ ഏറെ പാടുപെടേണ്ടി വരും. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്നു. പിന്നീട് അത് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു. ഇത് ഒഴിവാക്കാനായി നിങ്ങളുടെ ചില ശീലങ്ങളില്‍ മാറ്റം കൊണ്ടുവരേണ്ടതുണ്ട്.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക: ഭക്ഷണക്രമം നമ്മുടെ ഹൃദയാരോഗ്യത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു. നിങ്ങള്‍ക്ക് ഹൃദയാഘാതത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെങ്കില്‍, പായ്ക്ക് ചെയ്ത ഭക്ഷണം, സംസ്‌കരിച്ച ഭക്ഷണം, പഞ്ചസാര, ചുവന്ന മാംസം, വറുത്ത ഭക്ഷണം എന്നിവ ഒഴിവാക്കുക. പകരം, ധാന്യങ്ങള്‍, പുതിയ പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം തുടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ എന്നിവ കഴിക്കുക.

ഭക്ഷണത്തില്‍ ഉപ്പിന്റെയും പഞ്ചസാരയുടെയും അളവ് കുറയ്ക്കുക. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയവയുണ്ടോയെന്ന് ഇടയ്ക്കിടെ പരിശോധിക്കുക.

പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക: പുകവലിയും മദ്യപാനവും ഹൃദയാരോഗ്യത്തെ വഷളാക്കും. പുകവലിയും മദ്യപാനവും എത്രയും വേഗം ഉപേക്ഷിക്കുന്നുവോ അത്രയും നല്ലത്. അല്ലെങ്കില്‍, നിങ്ങള്‍ക്ക് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

ശാരീരിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുക : നിങ്ങള്‍ ദിവസവും 8 മുതല്‍ 10 മണിക്കൂര്‍ വരെ ഒരു ഓഫീസില്‍ ഇരുന്നു ജോലി ചെയ്താല്‍, ഹൃദയാഘാത സാധ്യത വളരെയധികം വര്‍ദ്ധിക്കുന്നു. സാധാരണയായി ജിമ്മില്‍ പോകാന്‍ സമയമില്ല. എത്ര തിരക്കുണ്ടെങ്കിലും ഒരു മണിക്കൂര്‍ വ്യായാമം ചെയ്യണം. ദിവസവും നടത്തം ഉള്‍പ്പെടെയുള്ള മറ്റ് വ്യായാമങ്ങള്‍ ചെയ്യുക.

അനാവശ്യമായി വിഷമിക്കരുത്: ജോലി സമ്മര്‍ദ്ദം, പണം, കുടുംബം, ചിലപ്പോള്‍ ബന്ധത്തിലെ പരാജയം എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ ഒരു പുരുഷനെ വിഷമിപ്പിക്കുന്നു. അതുകൊണ്ട് അനാവശ്യമായി വിഷമിക്കുന്നത് നിര്‍ത്തി സന്തോഷമായിരിക്കാന്‍ ശീലിക്കുക. ഇത് ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലാതാക്കുന്നു.

സംസ്‌കരിച്ച ഭക്ഷണങ്ങളും പാക്കറ്റ് ഭക്ഷണങ്ങളും ഫ്രൈഡ് ഭക്ഷണങ്ങളും ഒഴിവാക്കുന്നത് ഹൃദയാഘാതം തടയാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക. ഇതിനായി ദിവസവും ഏഴ് മുതല്‍ എട്ട് ഗ്ലാസ് വെള്ളം വരെയെങ്കിലും കുടിക്കണം.