ഭക്ഷണത്തിന്റെ രുചിക്കായി ഉപ്പിടുമ്പോൾ ശ്രദ്ധിക്കണേ, ഉപ്പു കൂടിയ ഭക്ഷണം വൃക്കയെ തകരാറിലാക്കും, നോക്കാം വിശദമായി
ഭക്ഷണത്തിന് രുചി കൂട്ടുന്ന ഉപ്പ് മനുഷ്യരിൽ ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. ഭക്ഷണത്തിലെ ഉപ്പിൽ നിന്നു തന്നെയാണ് ശരീരത്തിനാവശ്യമായ സോഡിയവും ക്ളോറൈഡ് അയണുകളുമെല്ലാം ലഭിക്കുന്നതും നാഡികളുടെയും പേശികളുടെയും പ്രവർത്തനത്തിന് സഹായിക്കുന്നതും. രക്തസമ്മർദം നിയന്ത്രിക്കുന്നതിലും ഈ ധാതുക്കൾ പ്രധാന പങ്കു വഹിക്കുന്നു. എന്നാൽ ഉപ്പ് കൂടുതലുപയോഗിക്കുന്നത് ഉയർന്ന രക്തസമ്മർദത്തിനു കാരണമാകും. കൂടാതെ വൃക്കയ്ക്കും തകരാറാണ്. ഉപ്പു കൂടിയ ഭക്ഷണം ശരീരത്തിന്റെ ‘സോഡിയം ബാലൻസ്’ ഇല്ലാതാക്കും. വൃക്കയുടെ പ്രവർത്തനം തകരാറിലാകാൻ ഇതു കാരണമാകുകയും ചെയ്യും.
ആഹാരത്തിൽ ഉപ്പിന്റെ അളവു കുറയ്ക്കാത്തതു കൊണ്ടും മറ്റു കാരണങ്ങൾ കൊണ്ടും വൃക്കരോഗം ബാധിച്ച മുതിർന്ന പൗരന്മാർ ഒട്ടേറെയുണ്ട്. മറ്റു രോഗങ്ങളുടെ അനുബന്ധമായോ അല്ലാതെയോ വൃക്കകൾക്കു തകരാറുണ്ടാകാം. പ്രമേഹം, രക്താതിസമ്മർദം, പാരമ്പര്യ പ്രശ്നങ്ങൾ, പുകവലി–മദ്യപാന ശീലങ്ങൾ, മറ്റു രോഗങ്ങൾക്കു കഴിക്കുന്ന മരുന്നിന്റെ പാർശ്വഫലം തുടങ്ങിയവ മൂലം വൃക്കരോഗമുണ്ടാകാം.
മൂത്രപരിശോധനയിലൂടെ വൃക്കരോഗമുണ്ടോ എന്നു കണ്ടുപിടിക്കാവുന്നതാണ്. മൂത്രത്തിൽ ആൽബുമിൻ എന്ന പ്രോട്ടീൻ കൂടുതലായി ഉണ്ടാകുന്നത് വൃക്കരോഗ സാധ്യതയെ അറിയിക്കുന്നതാണ്. മൂത്രത്തിൽ രക്താണുക്കളുടെ സാന്നിധ്യവും വൃക്കരോഗസാധ്യത വെളിപ്പെടുത്തുന്നു. പ്രമേഹരോഗികളുടെ മൂത്രത്തിൽ ‘മൈക്രോആൽബുമിനൂറിയ’ എന്ന അവസ്ഥ ഉണ്ടെങ്കിൽ രോഗം വൃക്കകളെ ബാധിച്ചുവെന്നു മനസ്സിലാക്കണം.
രക്തപരിശോധനയിലൂടെയും വൃക്കരോഗസൂചന ലഭിക്കും. രക്തത്തിൽ യൂറിയ, ക്രിയാറ്റിനിൻ എന്നിവയുടെ അളവ് കൂടുതലായി കാണുമ്പോഴാണ് വൃക്കരോഗസാധ്യതയുണ്ടെന്നു മനസ്സിലാകുന്നത്. വൃക്കകളുടെ തകരാറ്, രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവു കുറയ്ക്കുകയും വിളർച്ചരോഗത്തിനു കാരണമാകുകയും ചെയ്യുന്നു.
ആദ്യഘട്ടങ്ങളിൽ വൃക്കരോഗം കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ചു മാറ്റാം. വൃക്കയ്ക്ക് അധികമായി തകരാറു സംഭവിച്ചിട്ടുണ്ടെങ്കിൽ വൃക്കയുടെ അപ്പോഴുള്ള പ്രവർത്തനം നിലനിർത്തി മാത്രമേ മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ.
പ്രതിരോധ മാർഗങ്ങൾ
∙ പ്രമേഹം നിയന്ത്രണവിധേയമാക്കുക.
∙ അമിതവണ്ണമുള്ളവർ ഭാരം കുറയ്ക്കുക.
∙ പച്ചക്കറികൾ അധികമായി കഴിക്കുക.
∙ ആഹാരത്തിൽ ഉപ്പിന്റെ അളവു കുറയ്ക്കുക.
∙ വേദനാസംഹാരികൾ കഴിക്കുന്നത് പരമാവധി ഒഴിവാക്കുക.
∙ രക്താതിസമ്മർദം നിയന്ത്രിക്കുക.
∙ ദിവസവും ലഘുവായി വ്യായാമം ചെയ്യുക.
∙ പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക.
∙ മനസ്സിന്റെ സന്തോഷത്തിനു വേണ്ട കാര്യങ്ങൾ ചെയ്യുക.
∙ വൃക്കരോഗ പരിശോധനകൾ കൃത്യമായ ഇടവേളകളിൽ ചെയ്യുക.
കടപ്പാട്: ഡോ. എം. അബ്ദുൽ സുക്കൂർ, അസോഷ്യേറ്റ് പ്രഫസർ, അഹല്യ ആയുർവേദ മെഡിക്കൽ കോളജ്, പാലക്കാട്