ഭിന്നശേഷി സൗഹൃദവും 25 ബെഡ് ഉള്ള ഐപി സൗകര്യവും; കൊയിലാണ്ടി ഹോമിയോ ആശുപത്രിയിൽ പുതിയ സ്പെഷ്യാലിറ്റി ബ്ലോക്ക്


കൊയിലാണ്ടി: കൂടുതൽ സേവനങ്ങളും സൗകര്യങ്ങളും ഒരുക്കി കൊയിലാണ്ടി ഹോമിയോ ആശുപത്രിയുടെ പുതിയ സ്പെഷ്യാലിറ്റി ബ്ലോക്ക് ആതുര സേവനത്തിനു സജ്ജമായി. ഹോമിയോ ആശുപത്രിയിൽ പാലിയേറ്റീവ് രോഗികളുടെ കിടത്തി ചികിത്സ, പുതിയ എൻ എ എം പദ്ധതിയായ ഓസ്റ്റിയോ ആർത്രൈറ്റിസ് പ്രോജക്ട്, വയോജന ഒ പി എന്നിങ്ങനെയുള്ളവരുടെ ചികിത്സാ സൗകര്യത്തിനാണ് ഈ പുതിയ ബ്ലോക്ക് ഉപയോഗിക്കുക.

കിടത്തി ചികിത്സക്കായി സ്ത്രീ, പുരുഷ വാർഡുകൾ, ഫിസിയോതെറാപ്പി വാർഡുകൾ എന്നിവിടങ്ങളിൽ അഞ്ച് വീതം ബെഡുകൾ ഉൾപ്പെടെ 25 ബെഡ് ഉള്ള ഐപി സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. രണ്ട് ഒ.പി റൂമുകൾ, ഭിന്നശേഷി-സൗഹൃദ ടോയ്‌ലറ്റ് & ഹാൻഡ് വാഷ് ഏരിയ, ഭിന്നശേഷി-സൗഹൃദ പ്രവേശന കവാടം, ഭാവിയിലേക്ക് ലിഫ്റ്റ് ഫിറ്റ് ചെയ്യുവാനുള്ള സൗകര്യം, ഇന്റർലോക്ക് കട്ടകൾ പാകിയ വിശാലമായ കാർ പാർക്കിംഗ് ഏരിയ, റിസപ്ഷൻ-വെയ്റ്റിംഗ് ഏരിയ, ഫാർമസി എന്നിവ പുതിയ കെട്ടിടത്തിന്റെ പ്രത്യേകതകളാണ്.

താലൂക്ക് ആശുപത്രിയിൽ പുതിയ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മിക്കുന്നതിന് നാഷണൽ ആയുഷ് മിഷൻ ആശുപത്രി വികസന ഫണ്ട് എന്ന ഘടകത്തിൽ ഉൾപ്പെടുത്തി 2018-19 സാമ്പത്തിക വർഷത്തിൽ 75 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ ചതുപ്പ് സ്ഥലമായതിനാൽ ആ തുക കെട്ടിടം പണിയുന്നതിന് മതിയാകാത്തതിനാൽ നഗരസഭയുടെ 21-22 സാമ്പത്തിക വർഷത്തിൽ 37 ലക്ഷം രൂപയും കൂടി വകയിരുത്തുകയും ചെയ്തു. ആകെ 1.12 കോടി രൂപ ചെലവഴിച്ചാണ് ആധുനിക നിലവാരത്തിലുള്ള കെട്ടിടം നിർമ്മിച്ചത്. കെട്ടിടത്തിന് മുകളിൽ രണ്ടു നിലകൾ കൂടി പണിയാനുള്ള ഫൗണ്ടേഷനും നൽകിയിട്ടുണ്ട്.

നാഷണൽ ആയുഷ മിഷൻ സ്പെഷ്യൽ പദ്ധതിയായ തൈറോയ്ഡ് സ്പെഷ്യൽ ഒ.പി നടന്നുവരുന്നതിനാൽ ഏറെ ശ്രദ്ധേയമാണ് കൊയിലാണ്ടി നഗരസഭ സർക്കാർ ഹോമിയോ താലൂക്ക് ആശുപത്രി. കിടപ്പുരോഗികൾക്ക് വാഹന സൗകര്യത്തോടുകൂടിയ ഗൃഹ കേന്ദ്രീകൃത പരിചരണവും ലാബ് സൗകര്യവും ആശുപത്രിയിൽ ലഭ്യമാണ്. ഹോമിയോപ്പതി വകുപ്പിന്റെ ജില്ലാ മെഡിക്കൽ സ്റ്റോർ പ്രവർത്തിക്കുന്നതും കൊയിലാണ്ടി ആശുപത്രിയിലാണ്.

കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയിൽ പുതിയ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം ഓൺലൈനായി ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് നിർവഹിച്ചു. ചടങ്ങിൽ കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷത വഹിച്ചു. ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസർ കവിത പുരുഷോത്തമൻ മുഖ്യാതിഥിയായി. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ എ ഇന്ദിര, കെ ഷിജു, സി പ്രജില, ഇ കെ അജിത്ത്, നിജില പറവക്കൊടി, കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, കെ കെ വൈശാഖ്, രജീഷ് വെങ്ങളത്ത്കണ്ടി, നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.ചന്ദ്രശേഖരൻ അരുൺ മണമൽ, പി കെ. വിശ്വനാഥൻ, അൻവർ ഇയ്യഞ്ചേരി, കെ.കെ. നാരായണൻ മാസ്റ്റർ, അഡ്വ ടി കെ രാധാകൃഷ്ണൻ. എച്ച്.എം സി. അംഗം കെ പത്മനാഭൻ എന്നിവർ സംസാരിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് സ്വാഗതവും ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. കെ സി പ്രതിഭ നന്ദിയും പറഞ്ഞു.

Summary: Health Minister Veena George inaugurated the new specialty block at Koyilady Taluk Homeo Hospital