നിപ സംശയം: രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത് നാലുപേര്‍, സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 75പേരെന്നും ആരോഗ്യമന്ത്രി, ആശുപത്രി ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍
കോഴിക്കോട്: നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ നാലുപേരാണുള്ളതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പനി ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശിയായ ആളുടെ രണ്ട് മക്കളും ബന്ധുവുമാണ് ചികിത്സയിലുള്ളത്. 75 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ ഉള്ളത്. രോഗ ലക്ഷണങ്ങളുള്ളവരുമായി ഇടപഴകിയവും ആശുപത്രി ജീവനക്കാരുമടക്കമാണിതെന്നും കോഴിക്കോട് നടന്ന അവലോകന യോഗത്തിനുശേഷം മന്ത്രി അറിയിച്ചു.
സമ്പര്‍ക്ക പട്ടികയിലുള്ളവരില്‍ ചികിത്സ ആവശ്യമുള്ളവരേയും ഐ.സി.യു ആവശ്യമുള്ളവരെയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ലക്ഷണങ്ങളില്ലാത്തവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയും. പനി ലക്ഷണങ്ങളുള്ളവരെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിരീക്ഷണത്തില്‍ നിര്‍ത്തുമെന്നും മന്ത്രി അറിയിച്ചു.
ഇന്ന് വൈകുന്നേരം പൂനെ വൈറോളജി ലാബില്‍ നിന്നും ഫലം വന്നശേഷമേ രോഗബാധ സംബന്ധിച്ച സ്ഥിരീകരണമാകൂ. നിലവില്‍ മുന്‍കരുതല്‍ എന്ന നിലയിലുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി വിവിധ കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ പതിനാറ് കോര്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
രണ്ട് മണിക്ക് കുറ്റ്യാടിയില്‍ മന്ത്രി മുഹമ്മദ് റിയാസ്, കുറ്റ്യാടിയിലെയും നാദാപുരത്തെയും എം.എല്‍.എമാര്‍ എന്നിവരുടെ സംഘം ഇതുസംബന്ധിച്ച കാര്യങ്ങള്‍ അവലോകനം ചെയ്യാന്‍ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
ആരോഗ്യ പ്രവര്‍ത്തകരും പൊതുജനങ്ങളും പാലിക്കേണ്ട നിര്‍ദേശങ്ങള്‍:
എല്ലാ ആശുപത്രികളിലും ഇന്‍ഫെക്ക്ഷന്‍ കണ്‍ട്രോള്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള മുന്‍കരുതലുകള്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും പാലിക്കണം.
പൊതുസമൂഹത്തെ സംബന്ധിച്ചിടത്തോളം ആവശ്യമെങ്കില്‍ മാത്രം ആശുപത്രികള്‍ സന്ദര്‍ശിക്കുക. രോഗികള്‍ക്ക് കൂട്ടിരിപ്പിന് ഒരാള്‍ മാത്രം മതി. അനാവശ്യമായ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുക.
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. വസ്തുതകള്‍ മാധ്യമങ്ങളെ അറിയിക്കാന്‍ മാസ് മീഡിയ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.