പയ്യോളിയിലെ രണ്ട് ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്ത് ആരോഗ്യ വകുപ്പ്; വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കും


പയ്യോളി: പയ്യോളിയില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ രണ്ട് ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു. ഇന്ന് രാവിലെ നടത്തിയ പരിശോധനയില്‍ പയ്യോളി ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന കൈരളി റസ്റ്റോറന്റ്, പെരുമള്‍പുരത്തെ ഡേ റ്റുഡേ റെസ്റ്ററന്റ് എന്നിവിടങ്ങളില്‍ നിന്നുമാണ് പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തത്.

ഏകദേശം പത്തോളം സ്ഥാപനങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയതെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മജീദ് വി.കെ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പിടിച്ചെടുത്ത സ്ഥാപനങ്ങളില്‍ നിന്നും പിഴ ഈടാക്കുമെന്നും വ്യക്തമാക്കി.

ക്ലീന്‍സിറ്റ് മാനേജര്‍ ഇന്‍ ചാര്‍ജ് സി.ടി.കെ മേഘാനന്ദന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മജീദ് .വി.കെ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.