കള്ള് പോഷകാഹാരമാണോ?
സംസ്ഥാനത്ത് കള്ളിനെക്കുറിച്ചാണിപ്പോള്‍ ചര്‍ച്ച നടക്കുന്നത്. സര്‍ക്കാരിന്റെ പുതിയ മദ്യനയം കള്ളിനെ പ്രോത്സാഹിപ്പക്കുന്നതാണെന്ന് ഒരുകൂട്ടര്‍ പറയുമ്പോള്‍ കള്ള് പോഷകസമൃദ്ധമാണെന്നും പോഷകമൂല്യം നഷ്ടപ്പെടാതെ കള്ള് ഉപയോഗിക്കാനുള്ള സംവിധാനങ്ങളാണ് കൊണ്ടുവരുന്നതെന്ന് മറുകൂട്ടരും വാദിക്കുന്നു.
ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ കള്ള് ഏവര്‍ക്കും ആരോഗ്യപ്രദമാണെന്നാണ് പറയപ്പെടുന്നത്. തെങ്ങിന്‍ പൂക്കുലയില്‍ നിന്നും ഊറി വരുന്ന നീരാണ് മധുരക്കള്ള് അഥവാ നീര. ഇത് പുളിക്കുന്നതിന് മുന്‍പ് കുടിക്കണം. പ്രകൃതിദത്ത പാനീയങ്ങളില്‍ ഏറ്റവുമധികം ഔഷധഗുണമുള്ളതും പോഷക സമ്പന്നമായതും രുചിയേറിയതുമായ ഒരു പാനീയമാണ് കള്ള്. മധുരക്കള്ള് പുളിക്കാതെ സൂക്ഷിക്കുന്നതിനുള്ള സാങ്കേതികവിദ്യ നേരത്തെ കണ്ടെത്തിയിരുന്നു. മൂന്നു ദിവസം മുതല്‍ ആറുമാസം വരെ നീര പുളിക്കാതെ സൂക്ഷിക്കാം
പുളിക്കാത്ത കള്ള് മറ്റേതൊരു ലഘുപാനീയത്തേക്കാളും ശ്രേഷ്ഠവും കുഞ്ഞുങ്ങള്‍ക്ക് പോലും ടോണിക്കിന്റെ രൂപത്തില്‍ കൊടുക്കാന്‍ കഴിയുന്നതുമാണ്. തെങ്ങിന്‍ കള്ളിലെ ദോഷരഹിതമായ പഞ്ചസാരയുടെ അളവ് 15% മുതല്‍ 16% വരെയാണ്. ജീവകം എ, ജീവകം ബി, ജീവകം ബി 2, ജീവകം സി എന്നിവയും മനുഷ്യശരീരത്തിന് അവശ്യഘടങ്ങളായ ഗ്ലൂട്ടാമിക് അമ്ലം, തിയോനിന്‍, അസ്പാര്‍ട്ടിക് അമ്ലം എന്നിവയുള്‍പ്പെടെ 17 തരം അമിനോ അമ്ലങ്ങളും കള്ളില്‍ അടങ്ങിയിരിക്കുന്നു.
ഇത് കണ്ണുകള്‍ക്ക് നല്ലതാണ്. ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. മുടി, നഖം, ചര്‍മ്മം എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തും. മുലപ്പാല്‍ ഉത്പാദനം മെച്ചപ്പെടുത്തുന്നു. ദഹനം വേഗത്തിലാക്കുന്നു. അതേസമയം, കള്ളിന്റെ അനിയന്ത്രിതമായ ഉപയോഗം കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ ക്ഷണിച്ചുവരുത്തും.
കേരളത്തില്‍ കള്ള് ഉത്പാദിപ്പിക്കുന്നത് കൂടുതലായും തെങ്ങില്‍ നിന്നാണ്. ഏറ്റവും കൂടുതല്‍ തെങ്ങ് ചെത്തുന്നത് പാലക്കാട് ചിറ്റൂര്‍ മേഖലകളിലും. കേരളത്തിലെ വലയൊരു ശതമാനം കള്ള് ഷാപ്പുകള്‍ക്കും കള്ള് എത്തിക്കുന്നതും ഇവിടെ നിന്നുമാണ്. കൃഷിശാസ്ത്രഞ്ജനായ ഡോ. എം.എസ്. സ്വാമിനാഥന്‍ മധുരക്കള്ള് നിര്‍മ്മാണം പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് നേരത്തെ കേരളാ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
മധുരക്കള്ള് പുളിക്കുമ്പോള്‍ പ്രകൃതിദത്തമായ പഞ്ചസാരയുടെ അംശം നഷ്ടപ്പെട്ട് എട്ടു ശതമാനത്തോളം ആല്‍ക്കഹോള്‍ അടങ്ങിയ കള്ളായി മാറും. ഇതാണ് മിക്ക കള്ളുഷാപ്പുകളില്‍ നിന്നും ലഭിക്കുന്നത്. ആല്‍ക്കഹോള്‍ അടങ്ങിയതുകൊണ്ടുതന്നെ ഇവയുടെ നിയന്ത്രിതമല്ലാത്ത ഉപയോഗം ആരോഗ്യത്തിന് ദോഷമാകും. പുളിച്ച കള്ളിന്റെ സ്ഥിരമായ ഉപയോഗം നാഡികളെ ബാധിക്കും. കരള്‍ പ്രശ്നങ്ങള്‍, ഹൈപ്പര്‍ടെന്‍ഷന്‍ എന്നിവയും കള്ളിന്റെ ഉപയോഗമൂലമുണ്ടാകാം.
വൃക്ക, കരള്‍ രോഗമുള്ള വ്യക്തികള്‍ കള്ള്, നീര കുടിക്കാന്‍ പാടില്ല കാരണം ഇതില്‍ ഇതില്‍ സോഡിയം, പൊട്ടാസ്യം ലെവല്‍ കൂടുതലാണ്. രക്തത്തില്‍ പൊട്ടാസ്യം അളവ് കൂടിയാല്‍ ഹൈപ്പര്‍ കലീമിയാ എന്ന അവസ്ഥയുണ്ടാകുകയും ഹൃദയ സ്തംഭനത്തിന് ഇടയാക്കുകയും ചെയ്യും.