ഒമ്പത് ജില്ലകളിൽ ചൂട് കൂടും; കോഴിക്കോട് ജില്ലയിൽ സാധാരണയെക്കാൾ 4 ഡി​ഗ്രീ സെഷ്യൽസ് വരെ താപനില ഉയരാൻ സാധ്യത


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അന്തരീക്ഷ താപനില പതിവിനേക്കാള്‍ കൂടുതലായിരിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോഴിക്കോട് ഉൾപ്പെടെ ഒമ്പത് ജില്ലകളിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. കൊല്ലം ജില്ലയിലാണ് കൂടുതൽ ചൂട് അനുഭവപ്പെടുക. കോഴിക്കോട് ജില്ലകളിൽ 34°C വരെയും താപനില ഉയരാൻ സാധ്യതയുണ്ട്.

ഉച്ചയ്ക്ക് 1 മണിക്ക് പുറത്തിറക്കിയ മുന്നറിയിപ്പ് പ്രകാരം കൊല്ലം ജില്ലയിൽ സാധാരണയേക്കാള്‍ 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. 36°C വരെ ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35°C വരെയും (സാധാരണയെക്കാൾ 3 °C – 5 °C വരെ കൂടുതൽ) എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 34°C വരെയും (സാധാരണയെക്കാൾ 3 °C – 4 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയുണ്ട്. സെപ്റ്റംബർ പകുതിയോടെ നിലവിലെ വരണ്ട അന്തരീക്ഷ സ്ഥിതിയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം വരുന്ന അഞ്ച് ദിവസം ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പുകളില്ല. കേരള-കർണാടക -ലക്ഷദ്വീപ് തീരത്ത്‌ മത്സ്യബന്ധനത്തിന് തടസമില്ല.

Summary: The temperature in Kozhikode district is likely to rise up to 4 degree Celsius above normal