ഇടമഴയുടെ അഭാവവും ജലദൗര്‍ലഭ്യവും കാരണം വാഴയില്‍ കീടരോഗങ്ങള്‍ പിടിപെട്ടെന്ന് കണ്ടെത്തല്‍; പന്തലായനി ബ്ലോക്ക് പരിധിയിലെ കര്‍ഷകരുടെ കൃഷിയിടം പരിശോധിച്ച് വിദഗ്ധ സംഘം
കൊയിലാണ്ടി: വരള്‍ച്ച ബാധിത മേഖലയെപറ്റി വിലയിരുത്തുന്നതിനു വേണ്ടി രൂപീകരിച്ച വിദഗ്ധ സംഘം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന കര്‍ഷകരുടെ കൃഷിയിടം സന്ദര്‍ശിച്ചു. ഇടമഴയുടെ അഭാവം മൂലം പലയിടങ്ങളിലും വാഴകൃഷിയില്‍ ഉല്പാദനം കുറഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ജലസേചനത്തിന്റെ അഭാവത്തില്‍ വാഴയില്‍ വിവിധ കീടരോഗങ്ങള്‍ പിടിപ്പെട്ടതായി ശ്രദ്ധയില്‍പ്പെടുകയും അത് തരണം ചെയ്യാനാവശ്യമായ നിര്‍ദേശങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കുകയും ചെയ്തു.
കൊയിലാണ്ടി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ നന്ദിത വി.പി, വയനാട് അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസറും കൊയിലാണ്ടി ബ്ലോക്ക് തല കാര്‍ഷിക വിഞ്ജാന കേന്ദ്രം നോഡല്‍ ഓഫീസറുമായ ഡോക്ടര്‍ അഷിത്ത് രാജ്.എന്‍, കൃഷി ഓഫിസര്‍ അമൃത ബാബു, കൃഷി അസിസ്റ്റന്റ് അര്‍ജുന്‍ ജി.എസ്, ആത്മ ടെക്‌നോളജി മാനേജര്‍ വിഷ്ണു കെ.പ്രദീപ് സായി വേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.