കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിലെ ചെണ്ടമേള സംഘം പതിവ് തെറ്റിച്ചില്ല; ജില്ലാ കലോത്സവത്തില്‍ പഞ്ചാരിയില്‍ കൊട്ടിക്കയറി ഒന്നാം സ്ഥാനത്തോടെ സംസ്ഥാന തലത്തിലേക്ക്
കൊയിലാണ്ടി: പഞ്ചാരിയില്‍ കൊട്ടി കയറി ചെണ്ടമേള മത്സരത്തില്‍ കൊയിലാണ്ടി ജി.വി.എച്ച്.എസ് സംസ്ഥാന തലത്തില്‍ മല്‍സരിക്കാന്‍ അര്‍ഹത നേടി. വടകര നടന്ന ജില്ലാ കലാമേളയില്‍ ഹൈസ്‌കൂള്‍ വിഭാഗം ചെണ്ടമേള മത്സരത്തില്‍ തുടര്‍ച്ചയായ വിജയം എന്ന പതിവ് ഇത്തവണയും കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് തെറ്റിച്ചില്ല.
പഞ്ചാരിമേളത്തില്‍ നാലും, അഞ്ചും കാലങ്ങള്‍ കൊട്ടിക്കയറിയാണ് ജി.വി.എച്ച്.എസ്.എസ് വിജയിച്ചത്. 17 ഓളം ടീമുകളാണുണ്ടായിരുന്നത്. കൊരയങ്ങാട് വാദ്യസംഘത്തിന്റെ കീഴില്‍ ചെണ്ടമേളം അഭ്യസിക്കുന്നവരാണ് വിജയികളായവര്‍. കളിപ്പുരയില്‍ രവീന്ദ്രനാണ് യാതൊരു പ്രതിഫലവും വാങ്ങാതെ കുട്ടികളെ മല്‍സരത്തിനു തയ്യാറെടുപ്പിക്കുന്നത്.
കഴിഞ്ഞ 18 വര്‍ഷവും സംസ്ഥാന തലത്തില്‍ കൊയിലാണ്ടി ജി വി.എച്ച്.എസ്.എസാണ് വിജയപീഠത്തില്‍ കയറുന്നത്.