ഉറക്കമില്ലാത്ത രാത്രികളും മനസ് മടുപ്പിക്കുന്ന പ്രഭാതങ്ങളും ഓര്‍മ്മകളായി; മെന്‍സ്ട്രല്‍ കപ്പ് വിപ്ലവമാണ്


 

ഹരിത ജി.ആര്‍

മ്മുടെ സമൂഹം എന്നും നെറ്റി ചുളിച്ചുകൊണ്ട് നോക്കിക്കാണുന്ന ഒന്നാണ് സ്ത്രീകളിലെ ജൈവിക പ്രക്രിയായ ആര്‍ത്തവം. ഈ വാക്ക് പൊതു ഇടങ്ങളിൽ പറയാൻ പോലും നമ്മൾ തുടങ്ങിയത് അടുത്തിടെയാണ്.  ‘ആര്‍ത്തവം അശുദ്ധമാണ്’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് പലതരത്തിലുള്ള വിലക്കുകളും വിവേചനങ്ങളുമാണ് ഇവിടെ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്നത് എന്നത് ദുഃഖകരമായ യാഥാര്‍ത്ഥ്യമാണ്.

സാമൂഹ്യമായ ഇത്തരം പ്രശ്‌നങ്ങള്‍ മാത്രമല്ല, ശാരീരികമായ വലിയ ബുദ്ധിമുട്ടുകളും ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്നുണ്ട്. ഭൂരിഭാഗം പുരുഷന്മാര്‍ക്കും, എന്തിന്, ചില സ്ത്രീകള്‍ക്ക് പോലും ഇത് മനസിലാക്കാന്‍ കഴിയാറില്ല. തികച്ചും സ്വാഭാവികമായ ആര്‍ത്തവം എന്ന പ്രക്രിയയെ കുറിച്ചുള്ള അറിവില്ലായ്മയാണ് ഇതിന് കാരണം.

തലവേദന, വയറുവേദന, നടുവേദന, സ്തനങ്ങള്‍ക്ക് വേദന, കാലുകള്‍ക്ക് മരവിപ്പ്, ഛര്‍ദ്ദി തുടങ്ങിയ നിരവധി ശാരീരിക പ്രശ്‌നങ്ങളും വിഷാദം, ദേഷ്യം തുടങ്ങിയ മാനസിക പ്രശ്‌നങ്ങളും ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്നു. ഓരോ സ്ത്രീകളിലും ഈ പ്രശ്‌നങ്ങള്‍ ഏറിയും കുറഞ്ഞുമാണ് ഉണ്ടാവുക.

ഇതിന് പുറമെയാണ് ആര്‍ത്തവസമയത്ത് ഉപയോഗിക്കുന്ന പാഡുകള്‍ കാരണമുള്ള പ്രശ്‌നങ്ങള്‍. പണ്ട് കാലത്ത് പാഡിനെക്കാള്‍ കഷ്ടമായ തുണികളാണ് സ്ത്രീകള്‍ ഉപയോഗിച്ചിരുന്നത്. അപൂര്‍വ്വമായെങ്കിലും ഇന്നും തുണികള്‍ ഉപയോഗിക്കുന്ന സ്ത്രീകളും ഉണ്ട്.

പാഡിന്റെ പ്രശ്‌നങ്ങള്‍

തുണിയെ അപേക്ഷിച്ച് ഏറെ മെച്ചമാണ് സാനിറ്ററി പാഡുകള്‍ എങ്കിലും ഇതിനും നിരവധി പ്രശ്‌നങ്ങളുണ്ട്. പാഡുകള്‍ കാരണം അലര്‍ജി ഉണ്ടായി തുടയിലെ തൊലി പോകുന്നതും ചൊറിച്ചിലുമെല്ലാം ഉണ്ടാകാം. ‘പിരീഡ് റാഷസ്’ എന്നറിയപ്പെടുന്ന ഈ പ്രശ്‌നങ്ങള്‍ സ്ത്രീകള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല.

മാത്രമല്ല ഒരു പാഡ് ധരിച്ചാല്‍ അത് നാലോ അഞ്ചോ മണിക്കൂറിനുള്ളില്‍ മാറ്റി പുതിയത് ധരിക്കണം. ഇല്ലെങ്കില്‍ ദുര്‍ഗന്ധവും അലര്‍ജിയുമെല്ലാം ഉണ്ടാകും. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കുമെല്ലാം ഇതുകാരണം കൂടുതല്‍ പാഡുകള്‍ കയ്യില്‍ കരുതണം. അതിനെക്കാള്‍ വലിയ പ്രശ്‌നമാണ് പാഡ് മാറ്റാന്‍ അനുയോജ്യമായ ഇടം കണ്ടെത്തുക എന്നതും ഉപയോഗിച്ച പാഡ് നിര്‍മ്മാര്‍ജനം ചെയ്യുക എന്നതും.

 

നമ്മുടെ നാട്ടില്‍ ഉപയോഗിച്ച പാഡ് എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ഇന്നും കൃത്യമായ ഒരു ധാരണയുമില്ല. ഒരു സ്ത്രീയ്ക്ക് ഓരോ മാസവും രണ്ടോ മൂന്നോ പാക്കറ്റ് പാഡുകളാണ് ഉപയോഗിക്കേണ്ടി വരുന്നത്. ആര്‍ത്തവം എന്നാല്‍ പണച്ചിലവുള്ള കാര്യമാണ് എന്ന് ചുരുക്കം!

പാഡ് ധരിക്കുമ്പോള്‍ ചെറുതായി സ്ഥാനമൊന്ന് മാറിയാല്‍ പോലും ലീക്കേജ് ഉണ്ടാകും. രാത്രികാലങ്ങളിലും ലീക്കേജ് പ്രശ്‌നമാണ്.

ഇത്തരം നിരവധി ശാരീരിക, പാരിസ്ഥിതിക, സാമ്പത്തിക പ്രശ്‌നങ്ങളാണ് സാനിറ്ററി പാഡിന് ഉള്ളത്. ഇതിന് പകരമായി എന്താണ് മറ്റൊരു വഴി?

മെന്‍സ്ട്രല്‍ കപ്പുകള്‍

മുകളിലെ ചോദ്യത്തിനുള്ള ഉത്തരമാണ് മെന്‍സ്ട്രല്‍ കപ്പുകള്‍. ഇത് നമുക്കിടയിലേക്ക് എത്തിയിട്ട് അധികകാലമായിട്ടില്ല. പാഡിനെ അപേക്ഷിച്ച് നിരവധി ഗുണങ്ങളാണ് കപ്പിന് ഉള്ളത്.

ലീക്കേജ് തീരെ ഇല്ല എന്നതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. രാത്രികാലങ്ങളിലാകട്ടെ, യാത്രകളിലാകട്ടെ, കായികാധ്വാനം ചെയ്യുമ്പോഴാവട്ടെ ഏത് സാഹചര്യത്തിലും കപ്പ് ലീക്കിനെ തടയുന്നു.

 

മറ്റൊന്ന് കപ്പ് പുനരുപയോഗിക്കാന്‍ കഴിയും എന്നതാണ്. പാഡ് പോലെ നാലോ അഞ്ചോ മണിക്കൂറ് കൂടുമ്പോള്‍ മാറ്റി പുതിയത് വെക്കേണ്ട ആവശ്യമില്ല. വൃത്തിയാക്കിയ ശേഷം കപ്പുകള്‍ വീണ്ടും ഉപയോഗിക്കാം. ഒറ്റത്തവണ വാങ്ങിയാല്‍ ഒരുപാട് കാലത്തേക്ക് ആ കപ്പ് ഉപയോഗിക്കാം എന്നതിനാല്‍ പണച്ചിലവ് വലിയ തോതില്‍ കുറയുന്നു. പാഡ് പോലെ ഓരോ തവണയും ഉപയോഗശേഷം എവിടെ കളയും എന്ന ടെന്‍ഷനും വേണ്ട.

എന്റെ മെന്‍സ്ട്രല്‍ കപ്പ് അനുഭവം

സുഹൃത്തുക്കളുമായുള്ള സംഭാഷണങ്ങള്‍ക്കിടയിലാണ് മെന്‍സ്ട്രല്‍ കപ്പിനെ കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. എന്നാല്‍ ആ സമയത്ത് കപ്പ് ഉപയോഗിച്ചവര്‍ വളരെ കുറവായതിനാല്‍ ഇതിനെ കുറിച്ച് കൂടുതലൊന്നും അറിയാന്‍ കഴിഞ്ഞില്ല. ആര്‍ത്തവത്തിന്റെ പല പ്രശ്‌നങ്ങളും അനുഭവിച്ചിരുന്നതിനാല്‍ മെന്‍സ്ട്രല്‍ കപ്പിനെ കുറിച്ച് കൂടുതല്‍ അറിയണമെന്ന് എനിക്ക് തോന്നി.

വര്‍ഷങ്ങളോളം സാനിറ്ററി പാഡ് ഉപയോഗിച്ചു കൊണ്ടിരുന്ന എനിക്ക് നേരത്തേ പറഞ്ഞതില്‍ പല പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ഉപയോഗിച്ച പാഡ് നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നതായിരുന്നു ഏറ്റവും വലിയ തലവേദന. അതിനാല്‍ തന്നെ കപ്പിനെ കുറിച്ച് കൂടുതല്‍ അറിയുകയും അത് ഉപയോഗിക്കുകയും അനിവാര്യമാണെന്ന് എനിക്ക് തോന്നി.

തുടര്‍ന്ന് യൂട്യൂബിലും ഇന്റര്‍നെറ്റിലെ മറ്റ് വെബ്‌സൈറ്റുകളിലുമെല്ലാം ഞാന്‍ ഇതിനെ കുറിച്ച് അന്വേഷണം നടത്തി. കപ്പ് ഉപയോഗിക്കുന്നത് കൊണ്ടുള്ള മെച്ചങ്ങളെ കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍ സന്തോഷം തോന്നിയെങ്കിലും പുതിയ ഒരു ഉല്‍പ്പന്നമായതിനാല്‍ ചെറിയ ആശങ്കയുമുണ്ടായി. കപ്പിന്റെ ചിത്രം കൂടി കണ്ടതോടെ എന്റെ ആശങ്ക വര്‍ധിച്ചു.

പിന്നീട് ഞാന്‍ ഡോക്ടറോട് സംസാരിച്ചു. മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ, കപ്പ് ഉള്ളിലോട്ട് കയറിപ്പോകുമോ, ഗര്‍ഭം ധരിക്കാന്‍ കഴിയുമോ തുടങ്ങി എന്റെ നിരവധി സംശയങ്ങള്‍ക്ക് കൃത്യമായ മറുപടികള്‍ ഡോക്ടര്‍ നല്‍കി. എനിക്ക് ആദ്യമുണ്ടായ ആശങ്ക അലിഞ്ഞ് ഇല്ലാതായി.

പിന്നെ എനിക്ക് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല. നല്ലതായി എനിക്ക് തോന്നിയ ഒരു ബ്രാന്റ് ഓണ്‍ലൈനില്‍ തിരഞ്ഞ് കണ്ടെത്തി, ഓണ്‍ലൈനായി അത് ഓര്‍ഡര്‍ ചെയ്തു. അങ്ങനെ ഒടുവില്‍ കാത്തിരുന്ന കപ്പ് എന്റെ കയ്യില്‍ കിട്ടി. അപ്പോഴും ജീവിതത്തില്‍ ആദ്യമായി ഉപയോഗിക്കാന്‍ പോകുന്നതിനാല്‍ അതിന്റെതായ ആശങ്കകള്‍ തലപൊക്കി തുടങ്ങിയിരുന്നു. പക്ഷേ കപ്പ് ഉപയോഗിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

 

എങ്ങനെയാണ് കപ്പ് ഉപയോഗിക്കേണ്ടത് എന്ന് വിശദീകരിക്കുന്ന നിരവധി വീഡിയോകള്‍ ഞാന്‍ യൂട്യൂബില്‍ കണ്ടു. എല്ലാം വ്യക്തമായി മനസിലാക്കിയ ശേഷം ഒടുവില്‍ ആദ്യമായി കപ്പ് ഉപയോഗിക്കേണ്ട സമയമെത്തി. ഡോക്ടര്‍ പറഞ്ഞതും വീഡിയോയിലൂടെ അറിഞ്ഞതുമായ എല്ലാ കാര്യങ്ങളും കൃത്യമായി പാലിച്ചുകൊണ്ട് ഞന്‍ ജീവിതത്തിലാദ്യമായി മെന്‍സ്ട്രല്‍ കപ്പ് ധരിച്ചു, ആല്‍പ്പം ആശങ്കയോടെ തന്നെ.

കപ്പ് ധരിച്ച ശേഷം ഞാന്‍ നടന്നു നോക്കി. ഇല്ല, കാര്യമായ പ്രശ്‌നങ്ങളുള്ളതായി തോന്നുന്നില്ല. എങ്കിലും ഉറപ്പിക്കാറായിട്ടില്ലല്ലോ. ആകാംക്ഷയുടെ മണിക്കൂറുകള്‍…!! പിന്നെ ഞാന്‍ ഇരുന്നു നോക്കി. ഒരുപാട് നടന്നു. പിന്നീട് ഓടി. ഇല്ല, കുഴപ്പമൊന്നുമില്ല.

അപ്പോഴേക്കും എനിക്ക് ആത്മധൈര്യം വന്നു. കപ്പിനെ കുറിച്ച് പറഞ്ഞു കേട്ടതെല്ലാം ശരി തന്നെ. തുടര്‍ന്ന് കപ്പ് ധരിച്ചുകൊണ്ട് തന്നെ ഞാന്‍ കുളിച്ചു. ആ കുളിച്ച വെള്ളത്തോടൊപ്പം ഒഴുകിപ്പോയത് മെന്‍സ്ട്രല്‍ കപ്പിനെകുറിച്ചുള്ള എന്റെ മനസിലുള്ള എല്ലാ ആശങ്കകളുമായിരുന്നു. ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം ആര്‍ത്തവസമയത്ത് പൂര്‍ണ്ണ സംതൃപ്തിയോടെ ഞാന്‍ കുളിച്ചു. എന്തെന്നില്ലാത്ത സന്തോഷത്തിന്റെ നിമിഷങ്ങള്‍…

ആര്‍ത്തവത്തിന്റെ ആദ്യ ദിവസങ്ങളില്‍ മൂന്നോ നാലോ മണിക്കൂറില്‍ പാഡ് മാറ്റിയിരുന്ന ഞാന്‍ അക്കാര്യമേ മറന്നു. എന്റെ മെന്‍സ്ട്രല്‍ കപ്പ് എനിക്ക് തന്ന ആത്മവിശ്വാസവും സന്തോഷവും ആകാശത്തോളം ഉയരത്തിലാണെന്ന് എനിക്ക് തോന്നി.

 

നിങ്ങളിത് വിശ്വസിക്കുമോ എന്ന് എനിക്കറിയില്ല. മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ആര്‍ത്തവത്തിന്റെതായ അസ്വസ്ഥതകള്‍ വലിയ തോതില്‍ കുറഞ്ഞു. വേദനകളുള്ള സമയത്തൊഴികെ മറ്റെല്ലാ സമയങ്ങളിലും ആര്‍ത്തവകാലത്തിലൂടെയാണ് കടന്നു പോകുന്നത് എന്ന് പോലും ഞാന്‍ മറന്നു പോയി. ‘ആ ദിവസങ്ങള്‍’ ഇപ്പോള്‍ എന്നെ ഒട്ടും അലോസരപ്പെടുത്തുന്നില്ല. എന്റെ ആര്‍ത്തവ ദിനങ്ങള്‍ മുമ്പൊരിക്കലും ഇത്രത്തോളം മനോഹരമല്ലായിരുന്നു.

ഉറക്കം നഷ്ടപ്പെടുന്ന രാത്രികളും ലീക്കേജ് കൊണ്ട് മനസ് മടുപ്പിക്കുന്ന പ്രഭാതങ്ങളും എനിക്ക് ഓര്‍മ്മകള്‍ മാത്രമായി. അറപ്പ് ഇല്ലാത്ത, ദുര്‍ഗന്ധമില്ലാത്ത ദിവസങ്ങള്‍…എല്ലാം ഞാന്‍ ആസ്വദിക്കുന്നു. ഓരോ സ്ത്രീകള്‍ക്കും അര്‍ഹതപ്പെട്ടതാണ് ഇത്. അതിനാല്‍ തന്നെ മെന്‍സ്ട്രല്‍ കപ്പുകള്‍ വ്യാപകമാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

മെൻസ്ട്രൽ കപ്പ് ഒരു സ്ത്രീയുടെ ജീവിതത്തെ മാറ്റി മറിക്കുമെന്ന് എനിക്ക് ഉറപ്പാണ്. ഏതാനും മാസങ്ങളിൽ പാഡ് വാങ്ങാനുള്ളത്ര പണം മാത്രമേ ഒരു മെന്‍സ്ട്രല്‍ കപ്പിന് വിലയുള്ളു. എന്നാല്‍ അത് നല്‍കാന്‍ പോകുന്ന സന്തോഷവും സംതൃപ്തിയും വിലമതിക്കാനാകാത്തതാണ്.

അതെ, മെന്‍സ്ട്രല്‍ കപ്പ് വിപ്ലവമാണ്. സ്ത്രീകള്‍ പോലും ആര്‍ത്തവത്തെ ഇന്നും അശുദ്ധിയായി കാണുന്ന സമൂഹത്തില്‍, ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ പലയിടങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്ന സമൂഹത്തില്‍ മെന്‍സ്ട്രല്‍ കപ്പ് വലിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.


മെൻസ്ട്രൽ കപ്പിനെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ കൊച്ചിയിലെ ലൂർദ് ആശുപത്രിയിലെ ഒബ്‌സ്‌ടെട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. പ്രവീണ എലിസബത്ത് ജോസഫ് വിശദീകരിക്കുന്നു – വീഡിയോ കാണാം: