”ഈ അംഗീകാരം വലിയ ഉത്തരവാദിത്തമായി കരുതുന്നു”; മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് കൊല്ലം സ്വദേശി ഹരീഷ് കുമാര്‍


കൊയിലാണ്ടി: വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേട്ടത്തില്‍ സന്തോഷമുണ്ടെന്ന് കൊല്ലം സ്വദേശി ഹരീഷ് കുമാര്‍. ഈ അംഗീകാരം വലിയ ഉത്തരവാദിത്തമായി കരുതുന്നുവെന്നും അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

സര്‍വ്വീസിനിടെ അന്വേഷിച്ച കേസുകള്‍, നിരവധി കേസുകളില്‍ പ്രതികളെ പിടികൂടിയത്, രാസലഹരിക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനകത്തും പുറത്തുമായി അന്വേഷിച്ച കേസുകള്‍ തുടങ്ങിയവയാണ് ഹരീഷിനെ മെഡലിന് അര്‍ഹനമാക്കിയത്. ലഹരിക്കടത്ത് കേസിലെ പ്രധാന കണ്ണികളായ നൈജീരിയന്‍ സ്വദേശിയെയും ഘാന സ്വദേശിയെയും ബംഗളുരുവില്‍ നിന്ന് പിടികൂടിയ നടക്കാവ് പൊലീസിന്റെ സംഘത്തിന്റെ ഹരീഷുമുണ്ടായിരുന്നു.

15 വര്‍ഷമായി ഹരീഷ് സര്‍വ്വീസില്‍ കയറിയിട്ട്. ഇതിനകം കേരളത്തിന്റെ പലഭാഗത്തും ജോലി ചെയ്തിട്ടുണ്ട്. മലപ്പുറത്ത് എം.എസ്.പിയിലായിരുന്നു ആദ്യം. പതിനഞ്ചുവര്‍ഷത്തിനിടെ നിരവധി കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടുണ്ട്. 2018ലെ പ്രളയകാലത്ത് എറണാകുളം ജില്ലയിലെ പറവൂര്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

കൊല്ലം ചാത്തോത്ത് ഹരിദാസിന്റെയും സതീദേവിയുടെയും മകനാണ് ഭാര്യ അര്‍ച്ചന തലശ്ശേരിവ്യവസായ വകുപ്പ് ജീവനക്കാരിയാണ്. ദേവമിത്ര, ചിദന്‍ ഹരി എന്നിവര്‍ മക്കളാണ്.