കുരുന്നുകളുടെ സർഗാത്മകത വിരിയിച്ച് പെരുവട്ടൂർ എൽ.പി സ്കൂൾ; വിദ്യാർത്ഥികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാസികകൾ പ്രകാശനം ചെയ്തു


കൊയിലാണ്ടി: പെരുവട്ടൂർ എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാസികകൾ പ്രകാശനം ചെയ്തു. നാലാം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളുമാണ് സ്വയം തയ്യാറാക്കിയ കഥകൾ, കവിതകൾ, ചിത്രങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി ഓരോ കയ്യെഴുത്ത് മാസിക വീതം തയ്യാറാക്കിയത്.

അധ്യാപക അവാർഡ് ജേതാവും ഗായകനുമായ സുനിൽ തിരുവങ്ങൂരാണ് മാഗസിനുകൾ പ്രകാശനം ചെയ്തത്. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ടി.പി.ഷിജു അധ്യക്ഷനായി. പ്രധാനാധ്യാപിക സൗമിനി ടീച്ചർ സ്വാഗതം പറഞ്ഞു.

ഉഷശ്രീ ടീച്ചർ, ബാസിൽ, പാലിശ്ശേരി, സിറാജ് ഇയ്യഞ്ചേരി, രാജഗോപാലൻ മാസ്റ്റർ, ജിഷ പുതിയടത്ത് (വാർഡ് കൗൺസിലർ), ധന്യ (മാതൃസമിതി) എന്നിവർ സംസാരിച്ചു. ഇന്ദിര ടീച്ചർ നന്ദി പറഞ്ഞു.

അവധി ദിവസങ്ങളിൽ ഉൾപ്പെടെ രാവും പകലുമായി കുരുന്നുകൾ നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് ഓരോ കയ്യെഴുത്ത് മാഗസിനുകളും തയ്യാറാക്കപ്പെട്ടത്. മാഗസിൻ തയ്യാറാക്കുന്നതിലൂടെ തങ്ങളിലെ സർഗാത്മകമായ കഴിവുകൾ വെളിച്ചത്ത് കൊണ്ടുവരാനുള്ള അവസരമാണ് കുട്ടികൾക്ക് ലഭിച്ചത്. കൂടാതെ കുട്ടികളുടെ പഠന പ്രവർത്തനങ്ങൾക്കും മാഗസിൻ പ്രചോദനവും ഊർജ്ജവും പകർന്ന് നൽകും.