വരണ്ട മുടിയ്ക്ക് ഇനി പരിഹാരം; വീട്ടില്‍ നിന്നും ഉണ്ടാക്കാം വെണ്ടയ്ക്ക ഉപയോഗിച്ചുളള ഹെയര്‍പായ്ക്ക്


വരണ്ട ചുരുണ്ട മുടിയാണോ പ്രശ്‌നം. എന്നാല്‍ ഇവയൊക്കെ മാറ്റാന്‍ വീട്ടില്‍ നിന്നും ഉണ്ടാക്കാം പ്രകൃതിദത്തമായ ചില കൂട്ടുകള്‍. വെണ്ടക്കയാണ് താരം. മുടി മിനുസ്സമാക്കാനും വരള്‍ച്ച മാറ്റാനും വെണ്ടക്ക ഏറെ ഗുണം ചെയ്യും. പലരും ഹെയര്‍ സ്ട്രെയ്റ്റനിംഗ് പോലുള്ള വഴികള്‍ മുടിയുടെ ആരോഗ്യത്തിന് നല്ലതുമല്ല. കാരണം ഇത് കെമിക്കലുകളാല്‍ നിറഞ്ഞതായതിനാല്‍ തന്നെ മുടിയുടെ ആരോഗ്യത്തിന് ദോഷം വരുത്തും. ഇതിന് പരിഹാരമായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില വഴികളുണ്ട്. ഇതില്‍ ഒന്നാണ് വെണ്ടയ്ക്ക ഉപയോഗിച്ചുള്ളത്.

വെണ്ടയ്ക്ക വെറുമൊരു പച്ചക്കറി മാത്രമല്ല, നല്ലൊരു ഹെയര്‍ കണ്ടീഷര്‍ കൂടിയായി ഉപയോഗിയ്ക്കാം. യാതൊരു ദോഷവും വരുത്താത്ത, തികച്ചും പ്രകൃതിദത്തമായ ഒന്നാണിത്. ഇത് ഇടയ്ക്കിടെ മുടിയില്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകാം. വരണ്ട മുടിയ്ക്ക് തിളക്കവും മിനുസവും ഇത് നല്‍കും. മുടിയുടെ ആരോഗ്യത്തിന് ഗുണകരമായ കെരാറ്റിനായും വെണ്ടയ്ക്ക പ്രവര്‍ത്തിക്കുന്നു.

തയ്യാറാക്കുന്ന വിധം

ഇത് തയ്യാറാക്കാന്‍ കോണ്‍ഫ്ളോര്‍ കൂടി വേണം. വെണ്ടയ്ക്ക നല്ലതുപോലെ കഴുകി കഷ്ണങ്ങളാക്കി വേവിച്ച് പിന്നീട് ഇത് തണുത്ത ശേഷം അരച്ചെടുക്കണം. വേണമെങ്കില്‍ അരിച്ചെടുക്കാം. മറ്റൊരു പാത്രത്തില്‍ അല്‍പം ഇളംചൂടുള്ള വെള്ളത്തില്‍ കോണ്‍ഫ്ളോര്‍ അല്‍പം ചേര്‍ത്തിളക്കിയ ശേഷം വെണ്ടയ്ക്കയിലേയ്ക്ക് ഈ കോണ്‍ഫ്ളോര്‍ മിശ്രിതം ചേര്‍ത്തിളക്കി നല്ലതുപോലെ ചെറിയ ചൂടില്‍ ഇളക്കി മുടിയില്‍ തേയ്ക്കാവുന്ന കട്ടിയിലാക്കണം.

ഇത് തണുത്ത ശേഷം മുടിയില്‍ നല്ലതുപോലെ തേച്ചു പിടിപ്പിയ്ക്കണം. ഒരു മണിക്കൂര്‍ ശേഷം കഴുകികളയാവുന്നതാണ്. മുടിയ്ക്ക് തിളക്കവും മിനുസവും നല്‍കി മുടി ഒതുങ്ങാനും ചുരുണ്ട മുടി നീളത്തിലാകാനും ഇത് സഹായിക്കും. മുടിയ്ക്ക് നല്ലൊരു കണ്ടീഷണര്‍ ഗുണം നല്‍കുന്ന ഒന്നാണ് വെണ്ടയ്ക്ക.