കൊയിലാണ്ടിയിലെ ഇടവഴികളും ഒറ്റപ്പെട്ട ഇടങ്ങളും ഭയപ്പെടുത്തുന്നു; ലഹരി മാഫിയയ്‌ക്കെതിരെ ജാഗ്രത പാലിക്കുന്നുണ്ട്: ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ പ്രിന്‍സിപ്പല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്



കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്റെ പരിസരവും അതിനടുത്തുള്ള ഇടവഴികളുമെല്ലാം ലഹരി വില്‍പ്പനക്കാരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. അടുത്തിടെ ഇതുവഴി യാത്ര ചെയ്ത ഒരു വിദ്യാര്‍ഥിയെ ബലം പ്രയോഗിച്ച് ലഹരി നല്‍കുകയും കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയും ചെയ്ത സംഭവമുണ്ടായിരുന്നു. ഈ പ്രദേശത്തോട് ഏറ്റവും അടുത്ത് കിടക്കുന്ന സ്‌കൂള്‍ എന്ന നിലയില്‍ കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ആധിയുണ്ട്. ആശങ്കകളുണ്ടെങ്കിലും സ്‌കൂളിന്റെ ഭാഗത്ത് നിന്ന് വേണ്ട മുന്‍കരുതലുകളെല്ലാം സ്വീകരിക്കുന്നുണ്ടെന്നാണ് ജി.വി.എച്ച്.എസ്.എസിലെ പ്രിന്‍സിപ്പല്‍ വല്‍സല കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്.

‘ഈ വിഷയത്തില്‍ രക്ഷിതാക്കളുമായി നിരന്തരം സംസാരിക്കാറുണ്ട്. സ്‌കൂളില്‍ ഒരുപാട് നേരത്തെ വിദ്യാര്‍ത്ഥികളെ അയക്കരുതെന്നും അതുപോലെ സ്‌കൂള്‍ വിട്ടാല്‍ വീട്ടിലെത്താന്‍ കുട്ടികള്‍ വൈകുന്നുണ്ടോയെന്ന കാര്യം ശ്രദ്ധിക്കണമെന്നും രക്ഷിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ അവധിയാണെങ്കില്‍ രക്ഷിതാക്കള്‍ വിളിച്ചറിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. രാവിലെ സ്‌കൂളിലെത്തിയാല്‍ പിന്നെ കുട്ടികളെ പുറത്തുവിടാറില്ല. ഇതിനായി സെക്യൂരിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.’ വല്‍സല ടീച്ചര്‍ പറഞ്ഞു.

രണ്ടായിരത്തി അറുനൂറോളം വിദ്യാര്‍ഥികള്‍ ഹൈസ്‌കൂളിലും ഹയര്‍ സെക്കണ്ടറിയിലുമായി ഇവിടെ പഠിക്കുന്നുണ്ട്. ഇവരില്‍ ഓരോരുത്തരെയും ശ്രദ്ധിക്കുകയെന്നത് പ്രായോഗികമായി ബുദ്ധിമുട്ടുണ്ട്. എങ്കിലും സ്‌കൂളിന്റെ ഭാഗത്തുനിന്നും പരമാവധി ജാഗ്രത പുലര്‍ത്തുന്നുണ്ട്. സ്‌കൂളിനു പുറത്തും അധ്യാപകര്‍ കുട്ടികളെ ശ്രദ്ധിക്കാറുണ്ട്. ഇവിടെ ഒരുപാട് ഊടുവഴികള്‍ ഉള്ള സ്ഥലമാണ്. അത്തരം ഇടങ്ങളില്‍ ചിലതില്‍ ലഹരി സംഘങ്ങള്‍ സജീവമാണെന്ന് കേട്ടിട്ടുണ്ട്. അതിനാല്‍ കുട്ടികള്‍ അതുപോലുള്ള വഴികള്‍ തെരഞ്ഞെടുക്കാതിരിക്കണമെന്നും അവര്‍ പറഞ്ഞു.

കുട്ടികള്‍ ലഹരിമാഫിയയുടെ കെണിയില്‍ പെടുന്നത് തടയാന്‍ സ്‌കൂളില്‍ ജാഗ്രതാ സമിതി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പി.ടി.എ പ്രസിഡന്റ് സുജീന്ദ്രന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. വെള്ളിയാഴ്ച പള്ളിയില്‍ പോകേണ്ടവരെ മാത്രമാണ് സ്‌കൂളില്‍ നിന്നും പുറത്തുവിടാറുള്ളത്. ഇപ്പോള്‍ ക്ലാസ് പി.ടി.എ നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തരം യോഗങ്ങളില്‍ രക്ഷിതാക്കളോട് ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.