സ്‌കൂളിനും നാട്ടുകാര്‍ക്കും വേണ്ടി ജി.വി.എച്ച്.എസ്.എസ് ലൈബ്രറി വികസിപ്പിക്കുന്നു; ധനസമാഹരണത്തിനായുള്ള നാടകോത്സവം ഇന്ന് മുതല്‍
പയ്യോളി: സ്‌കൂള്‍ വിദ്യര്‍ഥികള്‍ക്കും ഒപ്പം നാട്ടുകാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമെല്ലാം വായിക്കാനും പഠിക്കാനും സൗകര്യമുള്ള ഒരു വലിയ ലൈബ്രറി. അതിനുവേണ്ടിയുള്ള അവസാന ഒരുക്കത്തിലാണ് പയ്യോളി ജി.വി.എച്ച്.എസ് സ്‌കൂള്‍.
ലൈബ്രറി വികസനത്തിനായുള്ള ധനസമാഹകരണത്തിനായി സ്‌കൂളില്‍ അഖില കേരള പ്രൊഫഷണല്‍ നാടകോത്സവം സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം ആറരയ്ക്ക് നടന്‍ മാമുക്കോയ നാടകോത്സവം ഉദ്ഘാടനം ചെയ്യും. അമ്പലപ്പുഴ അക്ഷരജ്വാലയുടെ ‘സ്വര്‍ണമുഖി’ എന്ന നാടകമാണ് ഇന്ന് അരങ്ങേറുന്നത്.
നാടകോത്സവത്തിന് തിരശീല വീഴുന്നതിന് മുമ്പായി മാര്‍ച്ച് 12ന് ലൈബ്രറിയുടെ ഉദ്ഘാടനവും നടക്കും. അവസാന മിനുക്കു പണികള്‍ മാത്രമാണ് ലൈബ്രറിയില്‍ ബാക്കിയുള്ളത്. 50 ലക്ഷം രൂപയുടെ പദ്ധതിയാണ് ലൈബ്രറി വികസനത്തിനായി തയ്യാറാക്കിയത്. ഇതില്‍ വിശാലമായ ഹാളില്‍ ലൈബ്രറി സജ്ജീകരിക്കാനുള്ള സൗകര്യത്തിന് മാത്രമായി 15 ലക്ഷം രൂപ ചെലവാകും.
25000 പുസ്തകങ്ങളാണ് ലൈബ്രറിയിലുണ്ടാവുക. കൂടാതെ ഗവേഷണ വിദ്യാര്‍ഥികള്‍ക്കുള്ള റഫറന്‍സ് ഗ്രന്ഥങ്ങളും, എന്‍ട്രന്‍സ് പരീക്ഷയ്ക്കുള്ള പുസ്തകങ്ങളും ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് വായനയ്ക്കുള്ള സൗകര്യവും ഡിജിറ്റല്‍ ലൈബ്രറി സംവിധാനവും ഇന്റര്‍നെറ്റ് സൗകര്യവും ഇവിടെയുണ്ടാവും. സ്ഥിരം ലൈബ്രേറിയന്റെ സേവനവും ഇവിടെ ഉറപ്പാക്കും