മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ പീതാംബരനും ഗോകുലിനും കോഴിക്കോട് ജില്ലയില്‍ വിലക്ക്
കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ഇടഞ്ഞ ഗുരുവായൂരിലെ ആനകളായ പീതാംബരനും, ഗോകുലിനും കോഴിക്കോട് ജില്ലയില്‍ വിലക്ക് ഏര്‍പ്പെടുത്തി. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയാണ് പീതാംബരനേയും, ഗോകുലിനേയും ക്ഷേത്രങ്ങളില്‍ എഴുന്നള്ളിക്കുന്നതിന് സ്ഥിരം വിലക്കേര്‍പ്പെടുത്തിയത്. ഉത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിക്കാന്‍ ഒരുമാസം മുന്‍പ് അപേക്ഷ നല്‍കണമെന്നും ക്ഷേത്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ് വ്യാഴാഴ്ചയാണ് കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞത്. പീതാംബരന്‍ എന്ന ആന ഗോകുലിനെ കുത്തിയതോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ കെട്ടിടം തകര്‍ന്നും ആനയുടെ ചവിട്ടേറ്റും മൂന്ന് പേര്‍ മരിച്ചിരുന്നു. ലീല, അമ്മുക്കുട്ടി, വടക്കയില്‍ സ്വദേശി രാജന്‍ എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ ലീല എന്ന സ്ത്രീക്ക് ആനയുടെ ചവിട്ടേറ്റുവെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കെട്ടിടം മേലിലേക്ക് തകര്‍ന്നുവീണാണ് മറ്റ് രണ്ട് പേരും മരിച്ചത്. അപകടത്തില്‍ 30 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഘോഷയാത്ര വരുന്നതിനിടെ ക്ഷേത്രത്തില്‍ കതിന പൊട്ടിച്ചിരുന്നു. ഇതിന് പിന്നാലെ പീതാംബരന്‍ എന്ന ആന ഗോകുല്‍ എന്ന ആനയെ കുത്തുകയായിരുന്നു. ഇതോടെ സമീപത്തുണ്ടായിരുന്ന ദേവസ്വം ഓഫീസിന്റെ ഓടില്‍ ഗോകുല്‍ കുത്തുകയുണ്ടായി. പിന്നാലെ കെട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഉത്സവം കാണാനായി ഓഫീസില്‍ ഇരുന്നവരുടെ മേലിലേക്ക് ഓടും പട്ടികയും ഇഷ്ടികയും തകര്‍ന്നുവീണു. പരിഭ്രാന്തിയിലായ ആളുകള്‍ നിലവിളിച്ചോടുകയും ചെയ്തു. ക്ഷേത്ര പരിസരത്തുകൂടെ മുന്നോട്ട് ഓടിയ ആനകളെ പിന്നീട് ഏറെ ശ്രമപ്പെട്ടാണ് തളച്ചത്. സംഭവത്തിന് പിന്നാലെ കോഴിക്കോട് ജില്ലയില്‍ ഉത്സവ ആനകളെ എഴുന്നളളിക്കുന്നതിന് ഒരാഴ്ചത്തേക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.