പിഷാരികാവിലെ ആനപ്രേമികളുടെ കണ്ണീരിന് ഏഴാണ്ട്; ഗജവീരന്‍ ഗുരുവായൂര്‍ കേശവന്‍ കുട്ടിയുടെ നോവുന്ന ഓര്‍മ്മകളില്‍ കൊയിലാണ്ടി
കൊയിലാണ്ടി: പിഷാരികാവിലെ കാളിയാട്ട മഹോത്സവത്തിലെ താരമാണ് ആനകള്‍. ആനകള്‍ ഉത്സവ പറമ്പിലേക്ക് വന്നിറങ്ങുന്നത് മുതല്‍ തിരിച്ച് ലോറിയില്‍ കയറുന്നതുവരെ കാഴ്ചകളുടെയും കാഴ്ചക്കാരുടെയും ആഘോഷമാണ്. ആനകളോടുള്ള മനുഷ്യന്റെ കൗതുകവും താല്‍പര്യവും അത്രയും വലുതാണ്.
ഈ വര്‍ഷത്തെ കാളിയാട്ടവും അത് സമ്മാനിച്ച മനോഹരമായ ഒരുപാട് ആനക്കാഴ്ചകളും ആനപ്രേമികള്‍ക്ക് ഏറെക്കാലം ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ഒന്നാണെങ്കിലും ഇന്ന് കാളിയാട്ടം അവസാനിക്കെ ഒരു ചെറിയ നോവോടെയാകും ഇവരെല്ലാം ക്ഷേത്രം വിട്ട് വീടണയുക. അത് ഉത്സവം കഴിഞ്ഞ് പോകേണ്ടിവരുന്നതിന്റെ മാത്രം വിഷമമല്ല, ഏറെ രസിപ്പിച്ച ഒരു ഗജവീരന്റെ ഓര്‍മ്മകള്‍ക്കുമുമ്പിലുള്ള നോവ് കൂടിയാണ്.
ഒരുപാട് കാലം പിഷാരികാവില്‍ തലയെടുപ്പുള്ള കാഴ്ചകള്‍ സമ്മാനിച്ച, ഏറെ ആരാധകരുള്ള ഗജവീരന്‍ കേശവന്‍കുട്ടിയുടെ ഓര്‍മ്മദിനം കൂടിയാണ് ഈ കാളിയാട്ടദിനം. പിഷാരികാവിലെ കാളിയാട്ട മഹോത്സവത്തിനെത്തിയ കേശവന്‍കുട്ടി 2016 മാര്‍ച്ച് 31ന് രാത്രിയോടെയാണ് ചരിഞ്ഞത്.
കാളിയാട്ട മഹോത്സവത്തിന് ഗുരുവായൂരില്‍ നിന്നും എത്തിച്ച ഏഴ് ആനകളില്‍ ഒന്നായി 2016 മാര്‍ച്ച് 27നാണ് കേശവന്‍കുട്ടി പിഷാരികാവിലെത്തിയത്. രണ്ടുമൂന്ന് എഴുന്നള്ളത്തുകള്‍ക്കു പിന്നാലെ 29ാം തിയ്യതി വയറിന് ചില അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും കേശവന്‍കുട്ടി അവശനാവുകയും ചെയ്തു. തുടര്‍ന്ന് തൃശൂരില്‍ നിന്നും ഡോക്ടര്‍മാരെ എത്തിച്ച് പരിശോധനയും ചികിത്സയും നടത്തിയെങ്കിലും 31ാം തിയ്യതി ചരിയുകയായിരുന്നു. പുലരുന്നതിനു മുമ്പ് ആനയെ ഇവിടെ നിന്നും മാറ്റുകയും പകരം ആനയെ എത്തിച്ചുമാണ് കാളിയാട്ട ആഘോഷങ്ങള്‍ തുടര്‍ന്നത്.
ആനപ്രേമികള്‍ക്കിടയില്‍ ഏറെ ആരാധകരുള്ള കൊമ്പനായിരുന്നു ഗുരുവായൂര്‍ കേശവന്‍കുട്ടി. എഴുന്നള്ളിപ്പ് ചിട്ടകള്‍ മനപാഠമാക്കിയ യുവ കൊമ്പന്‍. ഗുരുവായൂര്‍ കേശവന്റെ പിന്മുറക്കാരനെന്ന് പറയാവുന്ന ലക്ഷണങ്ങള്‍. 2015ലെ ആനയോട്ട മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരന്‍. അതിനുമുമ്പും ഒന്നുരണ്ട് തവണ ആനയോട്ടത്തില്‍ സമ്മാനം നേടിയിരുന്നു ഈ ഗജവീരന്‍. അന്ന് ഗുരുവായൂരിലെ ഉത്സവത്തിന് സ്വര്‍ണത്തിടമ്പ് എഴുന്നള്ളിച്ചത് കേശവന്‍കുട്ടിയായിരുന്നു.
1976 സെപ്റ്റംബര്‍ ഒമ്പതിനാണ് തൃശൂര്‍ ചേറ്റുപുഴ ജയപ്രകാശ് ടിമ്പര്‍ ആന്റ് സോമില്‍ ഉടമ പള്ളിയാക്കല്‍ അയ്യപ്പന്‍ കേശവന്‍കുട്ടിയെ ഗുരുവായൂരില്‍ നടയിരുത്തിയത്.
കോട്ടയം തിരുനക്കര ക്ഷേത്രത്തിലെ സ്ഥിരം ആനയായിരുന്നു ഇത്. ചരിയുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലും ഉത്സവത്തിന് തങ്കത്തിടമ്പേറ്റിയത് കേശവന്‍കുട്ടിയായിരുന്നു. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലും ആറാട്ട് പുറപ്പാടിനും തിടമ്പേറ്റിയിട്ടുണ്ട്.
1982ല്‍ ഡല്‍ഹി ഏഷ്യാഡില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നും തീവണ്ടിയില്‍ യാത്രതിരിച്ച 34 ആനകളില്‍ ഗുരുവായൂരില്‍ നിന്നുള്ള ഒമ്പതുപേരുണ്ടായിരുന്നു. അതിലൊന്ന് കേശവന്‍കുട്ടിയായിരുന്നു.