വ്യാജ ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ സജീവം; 2000ത്തിന് മുകളില്‍ വ്യാജമ്മാരെ പ്ലേസ്റ്റോറില്‍ നിന്ന് ഒഴിവാക്കി ഗൂഗിള്‍


പഭോക്താക്കള്‍ സാമ്പത്തിക തട്ടിപ്പുകളില്‍ അകപ്പെടാതിരിക്കാന്‍ വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍. 2022 സെപ്റ്റംബര്‍-2023 ഓഗസ്റ്റ് കാലഘട്ടത്തിനിടയില്‍ 2200 വ്യാജ ലോണ്‍ ആപ്പുകളാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തത്. വ്യാജ ലോണ്‍ ആപ്പുകളുടെ വ്യാപനം നേരിടാന്‍ റിസര്‍വ് ബാങ്ക് പോലുള്ള റെഗുലേറ്ററി ബോഡികളുമായി കേന്ദ്രസര്‍ക്കാര്‍ സഹകരിച്ചുവരികയാണ്. 2021 ഏപ്രില്‍ മുതല്‍ 2022 ജൂലായ് വരെ 4000ത്തോളം ലോണ്‍ ആപ്പുകള്‍ ഗൂഗിള്‍ റിവ്യൂ ചെയ്തിരുന്നു. ഇതില്‍ നിന്ന് സുരക്ഷിതമല്ലാത്ത 2500 എണ്ണം നീക്കം ചെയ്യുകയുണ്ടായി.

 ബാങ്കുമായോ ബാങ്ക് ഇതര സ്ഥാപനങ്ങളോ സഹകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമേ ഇത്തരം ആപ്പുകള്‍ കൊണ്ടുവരാനാവൂ എന്ന തരത്തില്‍ കര്‍ശന വ്യവസ്ഥകളും ഗൂഗിള്‍ മൂന്നോട്ട് വെക്കുന്നുണ്ട്. നിരന്തര സാമ്പത്തിക തട്ടിപ്പുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സജീവ ഇടപെടല്‍ വിഷയത്തില്‍ നടത്തിവരുന്നുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് എസ്എംഎസ്, റേഡിയോ ബ്രോഡ്കാസ്റ്റ്, പബ്ലിസിറ്റി എന്നിങ്ങനെയുള്ള കാമ്പയിനിലൂടെ റിസര്‍വ് ബാങ്കിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ക്ക് ബോധവല്‍കരണം നല്‍കിവരുന്നുണ്ട്.

ലോണ്‍ ആപ്പുകള്‍ ഫോണിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പ് കമ്പനിയുടെ വിശദാംശങ്ങള്‍ പരിശോധിക്കണം. ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ എന്തിനെല്ലാമാണ് പെര്‍മിഷന്‍ നല്‍കുന്നതെന്നും ശ്രദ്ധിക്കണം. സേവന വ്യവസ്ഥകളും മനസിലാക്കിയിരിക്കണം. സുരക്ഷിതമായ പേമന്റ് സംവിധാനം ഉപയോഗപ്പെടുത്താനും ശ്രദ്ധിക്കണം.