പേരാമ്പ്രയില്‍ സ്വര്‍ണ വ്യാപാരിയുടെ ഫ്‌ളാറ്റില്‍ റെയ്ഡ്; 3.2കോടി രൂപ പിടിച്ചെടുത്തു


പേരാമ്പ്ര: പേരാമ്പ്രയില്‍ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സ് നടത്തിയ റെയ്ഡില്‍ 3.22കോടി രൂപ പിടിച്ചെടുത്തു. ചിരുതകുന്ന് ഭാഗത്തുള്ള സ്വര്‍ണ മൊത്തവ്യാപാരിയുടെ ഫ്‌ലാറ്റിലാണ് റെയ്ഡ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്വര്‍ണ വ്യാപാരിയായ ദീപക് ശങ്കര്‍, കൂടെയുണ്ടായിരുന്ന ആനന്ദ് എന്നിവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഫ്‌ലാറ്റില്‍ നിന്ന് ഹോണ്ട വെന്യൂ കാറും സംഘം പിടിച്ചെടുത്തിട്ടുണ്ട്.

കാറിലെ രഹസ്യ അറയില്‍ ഭൂരിഭാഗം പണവും സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. രഹസ്യ വിവരത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്നുള്ള ഡി.ആര്‍.ഐ സംഘം താമരശ്ശേരി മുതല്‍ പ്രതികളുടെ വാഹനത്തെ പിന്തുടര്‍ന്ന് പേരാമ്പ്രയിലെ ഫ്‌ലാറ്റില്‍ എത്തുകയായിരുന്നു. ഡി.ആര്‍.ഐമഹാരാഷ്ട്ര ടീമിന്റെ നേതൃത്വത്തില്‍ എറണാകുളം, കോഴിക്കോട് ഡി.ആര്‍.ഐ സംഘങ്ങള്‍ ചേര്‍ന്ന് സംയുക്തമായാണ് ഈ റെയ്ഡ് നടത്തിയത്.

ഇന്നലെ രാവിലെ 11 മണിക്ക് ആരംഭിച്ച റെയ്ഡ് രാത്രി 10.45നാണ് അവസാനിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മഹാരാഷ്ട്രയില്‍ നിന്ന് പേരാമ്പ്രയില്‍ എത്തി സ്ഥിരതാമസമാക്കിയ പ്രതികള്‍, പഴയ സ്വര്‍ണം വിലക്കെടുത്ത് പുതിയ ആഭരണങ്ങള്‍ നിര്‍മ്മിച്ച് വിതരണം ചെയ്തുവരികയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷമേ ഇത്രയും വലിതുക ഇവിടെ നിന്നും ലഭിച്ചു എന്നതില്‍ വ്യക്തതവരൂ. ഇവരെ കൂടുതെ മറ്റാര്‍ക്കെങ്കിലും ഇത്യമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.