സ്വര്‍ണവുമായി വരുന്ന നാദാപുരം സ്വദേശിയെ കരിപ്പൂരില്‍ കാത്തുനിന്ന് കുറ്റ്യാടി സ്വദേശികള്‍; ഒടുവില്‍ 63ലക്ഷം രൂപയുടെ സ്വര്‍ണം കടത്തിയവരും വാങ്ങാനെത്തിയവരും കയ്യോടെ പിടിയില്‍
കോഴിക്കോട്: ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ കരിപ്പൂരില്‍ നാദാപുരം സ്വദേശിയായ യാത്രക്കാരനെയും സ്വര്‍ണം വാങ്ങാനെത്തിയ കുറ്റ്യാടി സ്വദേശികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. നാദാപുരം സ്വദേശി മുഹമ്മദ്(28), കുറ്റ്യാടി സ്വദേശികളായ സജീര്‍(32), അബു സാലിഹ്(36) എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാവിലെ എട്ടരയ്ക്ക് മസ്‌കറ്റില്‍ നിന്നുള്ള ഒമാന്‍ എയര്‍ വിമാനത്തില്‍ എത്തിയ മുഹമ്മദില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. 887 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. സ്വര്‍ണ മിശ്രിത രൂപത്തില്‍ മൂന്ന് ക്യാപ്‌സൂളുകളാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.
കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയ ഇയാളെ വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടുകയായിരുന്നു. മൂഹമ്മദില്‍ നിന്നും സ്വര്‍ണം വാങ്ങാനെത്തിയതായിരുന്നു കുറ്റ്യാടി സ്വദേശികള്‍. ഇവര്‍ സഞ്ചരിച്ച വാഹനവും മുഹമ്മദിന് കൊടുക്കാന്‍ കൊണ്ടുവന്ന 70,000രൂപയും പോലീസ് പിടിച്ചെടുത്തു. വിപണിയില്‍ 63 ലക്ഷത്തിലധികം വില വരുന്നതാണ് പിടിച്ചെടുത്ത സ്വര്‍ണം.