രണ്ടാഴ്ചയ്ക്കിടെ ഉയര്‍ന്നത് 2500 രൂപ; സ്വര്‍ണ്ണ വില 59,000 ത്തിലേയ്ക്ക്, അറുപതിനായിരം കടക്കുമെന്ന് വിദഗ്ദര്‍


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ കടന്ന് കുതിക്കുന്നു. പവന് 320 രൂപ വര്‍ധിച്ചു. ഇതോടെ 58,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണിയിലെ നിരക്ക്. ഗ്രാമിന് 40 രൂപയുടെ വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്. 7340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇതോടെ ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണ്ണവില 60000ത്തിലേക്ക് കുതിക്കുകയാണ്.

സ്വര്‍ണ്ണവില വര്‍ധിച്ചത് സാധാരണക്കാര്‍ വലിയ തിരിച്ചടിയാണ് നേരിടുന്നത്. തുലാം മാസത്തില്‍ കൂടുതല്‍ വിവാഹങ്ങള്‍ നടക്കുന്നതിനാലും ദീപാവലി അടക്കമുള്ള ഉത്സവ സീസണ്‍ കൂടി ആയതിനാല്‍ സ്വര്‍ണത്തിന് ആവശ്യം വര്‍ധിക്കുന്ന സമയമാണിത്. ഒക്ടോബര്‍ ഒന്നിന് 56,400 രൂപയായിരുന്ന സ്വര്‍ണ വിലയാണ് 20 ദിവസങ്ങള്‍ക്കിപ്പുറം 2000 രൂപ വര്‍ധിച്ചത് 58,720ല്‍ എത്തി നില്‍ക്കുന്നത്.

ഡിസംബര്‍ മാസത്തോടെ പവന് അറുപതിനായിരം കടക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. സമീപകാലത്തൊന്നും സ്വര്‍ണവിലയില്‍ ആശ്വസിക്കാവുന്ന തരത്തിലുള്ള ഇടിവ് പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് വിപണി വിദഗ്ധര്‍ വ്യക്തമാക്കുന്നത്.