ആശ്വാസം; സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു, ഇന്നത്തെ നിരക്ക് അറിയാം


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. 240 രൂപ കുറഞ്ഞ് പവന് 63,920 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 7990 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പവന് 64,160 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.
ദിവസങ്ങള്‍ക്കകം ആയിരം രൂപ ഇടിഞ്ഞ ശേഷം കഴിഞ്ഞ രണ്ടുദിവസം കൊണ്ട് സ്വര്‍ണവില പഴയ നിലയിലേക്ക് തിരിച്ചുകയറിയിരുന്നു. തുടര്‍ന്നാണ് ഇന്ന് വില ഇടിഞ്ഞത്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്.

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്.