സംസ്ഥാനത്ത് സ്വര്‍ണ്ണവില പുതിയ റെക്കോര്‍ഡില്‍! പവന് ഇന്ന് കൂടിയത് 480രൂപ
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില പുതിയ റെക്കോര്‍ഡിട്ടു. പവന് 480 രൂപയാണ് ഇന്ന് മാത്രം കൂടിയത്. ഇതോടെ വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 59, 000 രൂപയായി. അന്താരാഷ്ട്ര സ്വര്‍ണവില ഉയര്‍ന്നതാണ് സംസ്ഥാന വിപണിയില്‍ പ്രതിഫലിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 7375 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 6075 രൂപയാണ്.
വെള്ളിയുടെ വിലയിലും വര്‍ധനവുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില 105 രൂപയാണ്. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത് ജൂലൈ 23ാം തിയ്യതിയാണ്. സമീപ കാലത്ത് കേരളത്തില്‍ ഒറ്റ ദിവസം ഏറ്റവുമധികം വില കുറഞ്ഞ ദിവസവും ഇതായിരുന്നു. സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ 6% കുറയ്ക്കുന്നതായി ബജറ്റ് പ്രഖ്യാപനമുണ്ടായി. ഇതേത്തുടര്‍ന്ന് അന്ന് രണ്ട് തവണകളിലായി പവന് 2,200 രൂപ കുറഞ്ഞു. സ്വര്‍ണ്ണം വാങ്ങാനിരുന്ന വിവാഹ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ഈ അവസരം പ്രയോജനപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാജ്യാന്തര വില ഉയര്‍ന്നതോടെ സ്വര്‍ണ്ണം വീണ്ടും തിരിച്ചു കയറ്റം തുടങ്ങി. നിലവില്‍ രണ്ട് മാസങ്ങള്‍ക്കിപ്പുറം പവന് 6,560 രൂപയും, ഗ്രാമിന് 820 രൂപയുമാണ് വില ഉയര്‍ന്നിരിക്കുന്നത്. ഇക്കഴിഞ്ഞ 10 മാസത്തിനകം 33% എന്ന തോതിലാണ് സ്വര്‍ണ്ണ വില ഉയര്‍ന്നത്. കേരളത്തില്‍ മാത്രം ഇക്കാലയളവില്‍ പവന് 13,000 രൂപയിലധികമാണ് വില വര്‍ധിച്ചത്.
Summary: Gold price in the state at a new record