സൗദി ദേശീയ ഗെയിംസില്‍ സൗദിയുടെ ബാഡ്മിന്റൺ താരങ്ങളെ മുട്ടുകുത്തിച്ച് കൊടുവള്ളിക്കാരി; സമ്മാനമായി കാത്തിരിക്കുന്നത് 2 കോടി 20 ലക്ഷം രൂപ
കൊടുവള്ളി: സൗദി ദേശീയ ഗെയിംസിൽ കൊടുവള്ളി സ്വദേശിനിക്ക് സ്വര്‍ണ്ണ നേട്ടം. റിയാദിൽ പ്രവാസിയായ ഖദീജ നിസ ആണ് മത്സരത്തിൽ സ്വര്‍ണമെഡല്‍ ജേതാവായത്. വനിതാ സിംഗിൾസ് ബാഡ്മിന്റൺ മത്സരത്തില്‍ സൗദി താരങ്ങളെ പരാജയപ്പെടുത്തിയായിരുന്നു ഖദീജയുടെ മിന്നും ജയം. 2 കോടി 20ലക്ഷം രൂപ ക്യാഷ് പ്രൈസായി ലഭിക്കും.
അൽ നജദ് ക്ലബിനെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയ ഖദീജ നിസ മൂന്ന് ദിവസങ്ങളിലായി നടന്ന ആറ് മത്സരങ്ങളിലും വിജയം കരസ്ഥമാക്കി. വ്യാഴാഴ്ച നടന്ന ഫൈനൽ മത്സരത്തിൽ അൽ ഹിലാൽ ക്ലബിലെ ഹയ അൽ മുദരയ്യയെ 21-11, 21-10 സ്‌കോറിനാണ് പരാജയപ്പെടുത്തിയതോടെ വിജയം സുനിശ്ചിതമായി.
സൗദിയിൽ ആദ്യമായി നടന്ന ദേശീയ ഗെയിംസില്‍ സൗദിയില്‍ താമസിക്കുന്ന വിദേശികൾക്കും പങ്കെടുക്കാൻ അവസരം ലഭിച്ചതോടെയാണ് ഖജീദ മത്സരത്തിനിറങ്ങിയത്. ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന ഏക ഇന്ത്യക്കാരിയാണെന്ന പ്രത്യേകത കൂടി ഖദീജ നിസയ്ക്കുണ്ട്.
റിയാദ് ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിനിയായ ഖദീജ ഐ.ടി എഞ്ചിനീയർ കൊടത്തിങ്ങൽ അബ്ദുല്ലത്തീഫിന്റെ മകളാണ്. സൗദി, ബഹ്‌റൈൻ, ഇന്ത്യ എന്നിവിടങ്ങളിൽ നടന്ന നിരവധി ബാഡ്മിന്റൺ മത്സരങ്ങളിലും ഖദീജ നിസ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
Summery: Gold medal for Koduvalli girl in Saudi National Games