കോഴിക്കോട് ജ്വല്ലറി ഉടമയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 48 പവന്‍ സ്വര്‍ണവും പണവും മോഷ്ടിച്ച സംഭവം; അന്വേഷണം സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്


Advertisement

കോഴിക്കോട്: ജ്വല്ലറി ഉടമയുടെ വീട്ടില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ അന്വേഷണം സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്. അടച്ചിട്ട വീട് കുത്തിത്തുറന്ന് 48 പവന്‍ സ്വര്‍ണാഭരണവും 25,000 രൂപയുമാണ് കവര്‍ന്നത്.

പാളയത്തെ ക്ലാസിക് ജ്വല്ലറി ഉടമ ബഷീറിന്റെ ജയില്‍റോഡിനു സമീപമുള്ള വീട്ടിലാണ് വെള്ളിയാഴ്ച രാത്രി കവര്‍ച്ച നടന്നത്. രാത്രി ഒമ്പതരയോടെ വീടുപൂട്ടി വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു കുടുംബം.

Advertisement

രാത്രി പന്ത്രണ്ടരയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുകള്‍ നിലയിലെ മുറിയില്‍ അലമാരയുടെ പൂട്ടു തകര്‍ത്ത നിലയില്‍ കണ്ടത്. അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് കവര്‍ന്നത്. സംഭവത്തില്‍ വിരലടയാള വിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചിരുന്നു.

Advertisement

കവര്‍ച്ചക്കുശേഷം മോഷ്ടാവ് തലമറച്ച് വീട്ടില്‍നിന്നിറങ്ങിപ്പോകുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇതില്‍ ആളെ വ്യക്തമല്ലെങ്കിലും സൂചനകള്‍ അനുസരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സമീപപ്രദേശങ്ങളിലെ മറ്റു സി.സി.ടി.വി ദൃശ്യങ്ങളും കേസന്വേഷിക്കുന്ന കസബ പൊലീസ് പരിശോധിക്കുന്നുണ്ട്.

Advertisement

മോഷ്ടാവ് ഇടവഴിയില്‍ നിന്നും തെക്കുവശത്തെ മതില്‍ കയറി മുകള്‍ നിലയിലെ വരാന്തയിലെത്തി അവിടെ നിന്ന് വാതില്‍ തുറന്നാണ് അകത്തു കയറിയതെന്നു കരുതുന്നു. എന്നാല്‍ ഈ വാതില്‍ കുത്തിത്തുറന്നതിന്റെയോ കേടുവരുത്തിയതിന്റെയോ അടയാളമില്ല. വീട് പൂട്ടി പോകുന്ന സമയത്ത് മുകള്‍ നിലയിലെ വാതില്‍ അടക്കാന്‍ മറന്നുപോയതാണോയെന്നും സംശയമുണ്ട്. അതല്ലെങ്കില്‍ മോഷ്ടാവ് നേരത്തെ വീട്ടില്‍ കയറിയിട്ടുണ്ടാകുമെന്നും പൊലീസ് സംശയിക്കുന്നു.

നേരത്തേയും ഈ വീട്ടില്‍ കവര്‍ച്ച നടന്നിരുന്നു. ആ സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.