സ്മാര്‍ട്ടാണ് കൊയിലാണ്ടി നഗരസഭയിലെ ഹരിതകര്‍മ്മസേന; ജനുവരി ഒന്നുമുതല്‍ മാലിന്യശേഖരണം ഹരിതമിത്രം ആപ്ലിക്കേഷന്‍ വഴി
കൊയിലാണ്ടി: മാലിന്യ ശേഖരണ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും സുതാര്യമാക്കുന്നതിന് ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ക്യു ആര്‍ കോഡ് പതിച്ചു. കെല്‍ട്രോണിന്റെ സഹായത്തോടെ മാലിന്യ ശേഖരണ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നഗരസഭ ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞു. ജനുവരി ഒന്നു മുതല്‍ ഹരിതമിത്രം ആപ്ലിക്കേഷന്‍ വഴിയാണ് മാലിന്യ ശേഖരണം നടക്കുക.
നഗരസഭയില്‍ ഹരിത കര്‍മ്മസേനയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നഗരസഭയിലെ ഉദ്യോഗസ്ഥര്‍ക്ക് ഏത് സമയവും വിലയിരുത്താന്‍ ആകും. പൊതുജനങ്ങള്‍ക്ക് പരാതി ബോധിപ്പിക്കാനുള്ള സംവിധാനം, അശാസ്ത്രീയമായ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഹരിത കര്‍മ്മ സേനയ്ക്ക് നഗരസഭയില്‍ അറിയിക്കാനുള്ള സംവിധാനം, ഉദ്യോഗസ്ഥര്‍ക്ക് ഹരിതകര്‍മ്മസേനയുടെ ജോലി ഓരോ ദിവസവും പ്രത്യേകം തിരിച്ചു നല്‍കാനുള്ള സംവിധാനം, സാമ്പത്തിക ക്രയവിക്രയങ്ങളുടെ കൃത്യത ഉറപ്പാക്കാല്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെട്ടതാണ് ഈ പദ്ധതി.
ജില്ലയില്‍ ഏറ്റവും ആദ്യം ക്യു ആര്‍ കോഡ് പതിച്ച് സര്‍വേ പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമായത് കൊയിലാണ്ടി നഗരസഭയിലാണ്. ഹരിത കര്‍മ്മ സേനയുടെ ഓക്‌സിലറി ഗ്രൂപ്പാണ് നഗരസഭയുടെ നേട്ടത്തിന് വഴിയൊരുക്കിയത്.
മാലിന്യസംസ്‌കരണ രംഗത്ത് ഏറ്റവും ആധുനിക സങ്കേതങ്ങള്‍ നടപ്പിലാക്കുകയാണ് നഗരസയുടെ ലക്ഷ്യമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ടും ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പ്രജില.സി എന്നിവരും അറിയിച്ചു.