വിയ്യൂരില്‍ വന്‍ ചീട്ടുകളി സംഘം പിടിയില്‍; കൊയിലാണ്ടി പൊലീസ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് മൂന്നരലക്ഷത്തിലേറെ രൂപയും 45 ലിറ്ററോളം വാഷും


കൊയിലാണ്ടി: കൊയിലാണ്ടി വിയ്യൂരില്‍ വന്‍ ചീട്ടുകളി സംഘത്തെ പിടികൂടി. വിയ്യൂര്‍ രാമതെരു ബാലവിഹാര്‍ വീട്ടില്‍ വെച്ചായിരുന്നു ചീട്ടുകളി നടന്നിരുന്നത്. ഇവരില്‍ നിന്ന് 3,63, 050 രൂപയും വീടിന്റെ മുകള്‍ നിലയില്‍ തയ്യാറാക്കി വെച്ചിരുന്ന വാഷും ഇതോടൊപ്പം പിടികൂടിയിട്ടുണ്ട്.

ഇന്നലെ വൈകുന്നേരം ആറുമണിയോടെ കൊയിലാണ്ടി പോലീസ് നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. 12 പേരെ സംഭവ സ്ഥലത്ത് വെച്ച് കസ്റ്റഡിയിലെടുത്തു. വീട്ടുടമസ്ഥനായ പ്രബീഷിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഗ്ലാം കേരള ഗാംബ്ലിങ് ആക്ട് ഏഴ് എട്ട് പ്രകാരരാണ് ചീട്ടുകളി സംഘത്തിനെതിരെ കേസെടുത്തത്. പ്രതികളെ ഇന്നലെ രാത്രിയോടെ ജാമ്യത്തില്‍ വിട്ടു. വീട്ടുടമ പ്രബീഷിനെതിരെ വാഷ് സൂക്ഷിച്ചതിന് കേസെടുത്തിട്ടുണ്ട്.

കൊയിലാണ്ടി സി.ഐ സുനില്‍കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. എസ് ഐമാരായ എം.എന്‍ അനൂപ്, രഘു, എ.എസ്.ഐ, അഷറഫ്, സി.പി.ഒ സിനുരാജ്, ഷെറിന്‍ രാജ്, അജയ് രാജ്, തുടങ്ങിയവര്‍ സുനില്‍ കുമാറിനൊപ്പം റെയ്ഡില്‍ പങ്കെടുത്തു. എസ്.ഐമാരായ എന്‍. ബാബുരാജ്, പി.ഗിരിഷ് കുമാര്‍ എന്നിവരാണ് കേസ് തുടരന്വേഷണം നടത്തുന്നത്.