ഗതാഗതക്കുരുക്കിന്‌ പരിഹാരമായില്ല; പയ്യോളി മുതല്‍ കുറ്റിയില്‍പീടിക വരെ വന്‍ ഗതാഗാതക്കുരുക്ക്, വലഞ്ഞ് യാത്രക്കാര്‍


പയ്യോളി: ദേശീപാത നിര്‍മ്മാണത്തിന്റെ ഭാഗമുണ്ടായ കുഴികള്‍ കാരണം പയ്യോളി മുതല്‍ കുറ്റിയില്‍പീടിക വരെ ഗതാഗതക്കുരുക്ക്. ഇന്ന് രാവിലെ 8മണി മുതല്‍ നിരവധി വാഹനങ്ങളാണ് റോഡില്‍ കുടുങ്ങിക്കിക്കുന്നത്. റോഡ് നിര്‍മ്മാണത്തിനായി പയ്യോളി കോടതിക്ക് മുമ്പിലുണ്ടായ കുഴികള്‍ കാരണമാണ് ഗതാഗതക്കുരുക്ക്.

മഴ പെയ്തതോടെ കുഴികളില്‍ വെള്ളം കയറിയിരിക്കുകയാണ്. ദൂരെ നിന്നും വരുന്ന വലിയ വാഹനങ്ങള്‍ക്ക് കുഴിയുടെ ആഴം മനസിലാക്കാന്‍ കഴിയാത്തതിനാല്‍ പലപ്പോഴും ഈ ഭാഗത്ത് എത്തുമ്പോള്‍ മെല്ലെയാണ് വാഹനം ഓടിച്ചു പോവുന്നത്. ഇതിനാല്‍ മിക്ക ദിവസങ്ങളിലും സര്‍വ്വീസ് റോഡില്‍ ഗതാഗതക്കുരുക്കാണെന്നാണ് ബസ് ജീവനക്കാര്‍ പറയുന്നത്.

അതുകൊണ്ടുതന്നെ പലപ്പോഴും ബസുകള്‍ക്ക് പലപ്പോഴും കൃത്യ സമയത്ത് സര്‍വ്വീസ് നടത്താന്‍ സാധിക്കുന്നില്ല. നിലവില്‍ കുഴികളിലെ വെള്ളവും ചളിയും നീക്കം ചെയ്ത് കൊണ്ടിരിക്കുകയാണ്. നിരന്തമുണ്ടാകുന്ന ഗതാഗതക്കുരുക്ക് കാരണം ജോലിക്ക് പോകുന്നവരും വിദ്യാര്‍ത്ഥികളുമടക്കം നിരവധി പേര്‍ ആശങ്കയിലാണ്. ദിവസവും ഒന്നര മണിക്കൂറോളമാണ് യാത്രക്കാര്‍ റോഡില്‍ കുടുങ്ങിക്കിടക്കുന്നത്.

സമീപകാലത്ത് ദേശീയപാതയില്‍ ഉണ്ടായ അപകടങ്ങള്‍, ഗതാഗതക്കുരുക്ക്, മഴ പെയ്താലുണ്ടാവുന്ന വെള്ളക്കെട്ട്, എന്നിവ മുന്‍നിര്‍ത്തി പയ്യോളി നഗരസഭയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. നിലവിലുള്ള വെള്ളക്കെട്ട് അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ യോഗത്തില്‍ തീരുമാനമാവുകയും ചെയ്തിരുന്നു. പയ്യോളി ജംഗ്ഷനില്‍ കോടതിക്ക് എതിര്‍വശമുള്ള 3 ഇലക്ട്രിക് പോസ്റ്റുകള്‍ നീക്കം ചെയ്ത് ആ ഭാഗം വീതി കൂട്ടാനും ഇതേ ഭാഗത്ത് സര്‍വീസ് റോഡിന്റെ ഓരം ചേര്‍ന്ന് പണി നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്തെ മണ്ണിടിച്ചിലിനും പരിഹാരം കാണാനും യോഗത്തില്‍ തീരുമാനമായിരുന്നു. ഇതിനിടയിലാണ് വീണ്ടും റോഡില്‍ വന്‍ ഗതാഗതക്കുരുക്ക് ഉണ്ടായിരിക്കുന്നത്.