സിനിമാ പ്രേമികളേ ഇതിലേ..; ഏഴാമത് മലബാര്‍ മൂവി ഫെസ്റ്റിവല്‍ കൊയിലാണ്ടിയില്‍ ജനുവരി 17 മുതല്‍, പാസ് വിതരണം ആരംഭിച്ചു
കൊയിലാണ്ടി: ഏഴാമത് മലബാര്‍ മൂവി ഫെസ്റ്റിവല്‍ ഡെലിഗേറ്റ്‌സ് പാസ് വിതരണം നടത്തി. കൊയിലാണ്ടി പ്രസ്‌ക്ലബ് ഹാളില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. സംവിധായകനും സിനിമ പ്രവര്‍ത്തകനുമായ ശിവദാസ് പൊയില്‍ക്കാവ് ഏറ്റുവാങ്ങി. കൊല്ലം ലേക്ക് ഓഡിറ്റോറിയത്തില്‍ വെച്ച് 2025 ജനുവരി 17,18,19 തിയ്യതികളിലായാണ് മൂവി ഫെസ്റ്റിവല്‍ നടക്കുന്നത്.
കൊയിലാണ്ടി നഗരസഭ, കേരള ചലച്ചിത്ര അക്കാദമി, ആദി ഫൗണ്ടേഷന്‍, എഫ്.എഫ്.എസ്. ഐ. (കേരളം), ഇന്‍സൈറ്റ് ഫിലിം സൊസൈറ്റി എന്നിവര്‍ ചേര്‍ന്നാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. മലയാള, ഇന്ത്യന്‍, ലോക സിനിമാ വിഭാഗങ്ങളിലായി പ്രേക്ഷക – നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
പ്രമുഖ ചലച്ചിത്ര നിരൂപകന്‍ ഡോ.സി. എസ്. വെങ്കിടേശ്വരനാണ് ഫെസ്റ്റിവല്‍ ഡയരക്ടര്‍. പരിപാടിയുടെ ഭാരവാഹികളായി എം.പി ഷാഫി പറമ്പില്‍, എം.എല്‍.എ കാനത്തില്‍ ജമീല, നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട് എന്നിവരടങ്ങുന്നവരാണ് രക്ഷാധികാരികള്‍.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഇ.കെ. അജിത്ത്, കെ. ഷിജു, സംഘാടക സമിതി ഭാരവാഹകളായ എന്‍.ഇ. ഹരികുമാര്‍, ബാബു കൊളപ്പള്ളി, അഡ്വ. കെ. അശോകന്‍, വി.പി. ഉണ്ണികൃഷ്ണന്‍, സി. ജയരാജ്, രാഗം മുഹമ്മദലി, എസ്. സുനില്‍ മോഹന്‍, യു. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.