കോട്ടപ്പറമ്പ് ആശുപത്രിയിലെ പതിനാല് ജീവനക്കാര്‍ക്ക് ഡെങ്കിപ്പനി; രോഗം ബാധിച്ചവരില്‍ മൂന്ന് ഡോക്ടര്‍മാരും


കോഴിക്കോട്: കോട്ടപ്പറമ്പ് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പതിന്നാല് ജീവനക്കാര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചിട്ടുള്ളത്. ഇതില്‍ മൂന്ന് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ലാബ് ടെക്‌നീഷ്യന്‍, നഴ്‌സിങ് അസിസ്റ്റന്റ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റമാര്‍ എന്നിവരുള്‍പ്പെടുന്നു.

അത്യാഹിതവിഭാഗത്തിലും, ഒ.പി.യിലും ഡ്യൂട്ടി ചെയ്യുന്ന ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഡെങ്കി ബാധിച്ചത്. ജൂണ്‍ 17-നാണ് ഡെങ്കി ആദ്യം റിപ്പോര്‍ട്ടുചെയ്തത്. ഗൗരവത്തോടെയാണ് ഈ വിഷയം കാണുന്നതെന്നും ആരോഗ്യപ്രവര്‍ത്തകരല്ലാതെ മറ്റാര്‍ക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടില്ലെന്നും സൂപ്രണ്ട് ഡോ. എം. സുജാത അറിയിച്ചു.

നിലവില്‍ 70 കിടപ്പുരോഗികള്‍ കോട്ടപ്പറമ്പ് ആശുപത്രിയിലുണ്ട്. ബുധനാഴ്ച ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം കോഴിക്കോട് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് ആശുപത്രിക്കകത്തും പുറത്തും പരിശോധന നടത്തി ഉറവിടസാധ്യതകളും വ്യാപനം തടയാനുള്ള മാര്‍ഗങ്ങളും കണ്ടെത്തി നശിപ്പിച്ചു.

Summary: Fourteen employees of Kottaparamp Hospital have dengue fever