നാലുവർഷ ബിരുദം: പ്രവേശനം 31 വരെ നീട്ടി, സർവകലാശാലകളിൽ കെ റീപ്‌ സമിതികൾ രൂപീകരിക്കാന്‍ തീരുമാനം


Advertisement

കൊച്ചി: സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ നാലുവർഷ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനം 31 വരെ നീട്ടി. നാലുവർഷ യുജി പ്രോഗ്രാം നടത്തിപ്പുമായി ബന്ധപ്പെട്ട്‌ കുസാറ്റിൽ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന വൈസ് ചാൻസലർമാരുടെയും രജിസ്ട്രാർമാരുടെയും യോഗത്തിലാണ് തീരുമാനം.

Advertisement

വിദ്യാർഥികൾ നീറ്റ്‌, കീം എന്നിവയുടെയെല്ലാം ഭാഗമായി പ്രൊഫഷണൽ കോഴ്‌സുകളിലേക്ക്‌ മാറിപ്പോയാൽ കോളേജുകളിൽ സീറ്റുകൾ ഒഴിവുവരും. ഇതിനാലാണ്‌ പ്രവേശനതീയതി നീട്ടിയത്‌. 31നുമുമ്പ്‌ സർവകലാശാലകൾ സ്‌പോട്ട്‌ അഡ്‌മിഷൻ ക്രമീകരിച്ച്‌ ഒഴിവുവരുന്ന സീറ്റുകളിൽ പ്രവേശനം നടത്തണം.

Advertisement

ഒന്നാം സെമസ്റ്റർ പരീക്ഷാക്രമീകരണങ്ങൾക്കുള്ള അന്തിമ മാർഗനിർദേശം ഉടൻ സർവകലാശാലകൾക്ക്‌ ലഭ്യമാക്കും. ഏകീകൃത അക്കാദമിക് കലണ്ടർപ്രകാരം പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന്‌ ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. കേരള, എംജി, കണ്ണൂർ, കലിക്കറ്റ് സർവകലാശാലകളിലെ സർക്കാർ, എയ്‌ഡഡ്‌ കോളേജുകളിൽ ഇതുവരെ മികച്ച രീതിയിൽ പ്രവേശനം നടന്നുവെന്നും നാലുവർഷ യുജി പ്രോഗ്രാം തൃപ്തികരമായി പോകുന്നുവെന്നും പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു.

Advertisement

എല്ലാ സർവകലാശാലകളിലും കോളേജുകളിലും കെ റീപിന്റെ (കേരള റിസോഴ്‌സ്‌ ഫോർ എഡ്യൂക്കേഷൻ അഡ്‌മിനിസ്‌ട്രേഷൻ ആൻഡ്‌ പ്ലാനിങ്) സമിതികൾ രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി. ഇതിനായി കേന്ദ്രതലത്തിൽ ആശയവിനിമയം നടത്തി ഒരു മാസത്തിനുള്ളിൽ ക്രമീകരണങ്ങൾ ഉറപ്പാക്കും. സംസ്ഥാനത്തെ സർവകലാശാലകളും കോളേജുകളുമെല്ലാം ഒറ്റ സോഫ്‌റ്റ്‌വെയറിന്റെ കീഴിലാക്കുന്ന പദ്ധതിയാണ്‌ കെ റീപ്‌.

Description: Four-year degree: Admissions extended till 31