ആത്മഹത്യ ചെയ്യാനായി അമ്മയും മൂന്ന് കുട്ടികളും കൊയിലാണ്ടി കൊല്ലത്ത്; ദൈവദൂതരായി കൊയിലാണ്ടിയിലെയും കുറ്റ്യാടിയിലെയും പൊലീസ്; രക്ഷപ്പെട്ടത് 4 ജീവനുകൾ


കൊയിലാണ്ടി: കുറ്റ്യാടിയിലെയും കൊയിലാണ്ടിയിലെയും പൊലീസുകാരുടെ അവസരോചിതമായ ഇടപെടലില്‍ കൊല്ലം പാറപ്പള്ളിയില്‍ നിന്നും രക്ഷിച്ചത് വിലപ്പെട്ട നാലുജീവനുകള്‍. കടലില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച അമ്മയും മൂന്നുകുഞ്ഞുങ്ങളും സംഘത്തെയാണ് പൊലീസ് കൃത്യസമയത്ത് ഇടപെട്ടതുകൊണ്ടുമാത്രം ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായത്.

ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. മൂന്ന് കുഞ്ഞുങ്ങളെയും വിളിച്ച് അമ്മ പോയതില്‍ അസ്വാഭാവികത തോന്നിയ സ്‌കൂള്‍ അധികൃതര്‍ കുറ്റ്യാടി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നെന്ന് കുറ്റ്യാടി സി.ഐ.ഷിജു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇതോടെ ആ സ്ത്രീയുടെ ഫോണിന്റെ ലൊക്കേഷന്‍ പരിശോധിച്ചു. കൊല്ലം മന്ദമംഗലം പരിസരത്ത് ഇവര്‍ ഉള്ളതായി ലൊക്കേഷനില്‍ നിന്ന് വ്യക്തമായതോടെ കൊയിലാണ്ടി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കൊയിലാണ്ടിയിലെ ഗ്രേഡ് എസ്.ഐ തങ്കരാജ് കുറ്റ്യാടി സി.ഐയില്‍ നിന്നും വിവരം ലഭിച്ചയുടന്‍ തന്നെ മന്ദമംഗലം ഭാഗത്തേക്ക് കുതിച്ചു.

എന്നാല്‍ വീണ്ടും ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ കൊല്ലം പാറപ്പള്ളി ഭാഗത്താണ് ഇവരുള്ളതെന്ന് മനസ്സിലാക്കി. ഉടന്‍ തന്നെ തങ്കരാജും സംഘവും പാറപ്പള്ളിയിലെ പാറക്കെട്ടിലെക്ക് കുതിച്ചെത്തി. ഈ സമയം കടലിലേക്ക് ചാടാനുള്ള ഒരുക്കത്തിലായിരുന്നു. പൊലീസ് സംഘം പിഞ്ചു കുട്ടികളെ സ്വന്തം മക്കളെ പോലെ എടുത്ത് അമ്മയെയും മക്കളെയും ജീപ്പില്‍ കയറ്റി കൊയിലാണ്ടി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഈ വിവരമൊന്നും നാട്ടുകാര്‍ പോലും അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് അമ്മയെയും കുട്ടികളെയും കുറ്റ്യാടി പോലീസിനു കൈമാറി.