ഇടിമിന്നലില്‍ കൊയിലാണ്ടി ഹാര്‍ബറിലെ നാല് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്ക്; വഞ്ചിയിലെ ഉപകരണങ്ങളും തകര്‍ന്നു, അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം


കൊയിലാണ്ടി: ഇന്നലെയുണ്ടായ ഇടിമിന്നലില്‍ കൊയിലാണ്ടി ഹാര്‍ബറിലെ 4 മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഹാര്‍ബറില്‍ നങ്കൂരമിട്ട വഞ്ചിയിലെ ഉപകരണങ്ങള്‍ ഇടിമിന്നലില്‍ തകരുകയും ചെയ്തു. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. ഗുരുകൃപ വഞ്ചിയിലെ ടി.ടി നിജു, ടി.ടി ശൈലേഷ്, ടി.ടി സന്തോഷ്, ടി.ടി പ്രസാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വഞ്ചിയില്‍ നിന്നും മത്സ്യം നീക്കുന്നതിനിടെയാണ് തൊഴിലാളികള്‍ക്ക്‌ ഇടിമിന്നലേറ്റത്. നിജുവിന്റെ കാലിന്റെ എല്ല് പൊട്ടിയിട്ടുണ്ട്. പരിക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.

തണ്ണീംമുഖത്ത് വലിയ പുരയില്‍ ടി.വി രഞ്ജിത്തിന്റേതാണ് വഞ്ചി. ഇടിമിന്നലില്‍ ജി.ടി.എസ് വയര്‍ലെസ്, എക്കോ സൗണ്ട് ക്യാമറ, ബാറ്ററി, ഡയനാമോ തുടങ്ങിയ കത്തിനശിച്ചു. ഏതാണ്ട് അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.