ആവള പാണ്ടി കൃഷിയോഗ്യമാക്കാന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കുക; ആവശ്യമുയര്‍ത്തി ചെറുവണ്ണൂരിലെ മുസ്‌ലിം ലീഗ്


പേരാമ്പ്ര: ആവള പാണ്ടി കൃഷിയോഗ്യമാക്കണമെന്ന് മുസ്‌ലിം ലീഗ് ചെറുവണ്ണൂര്‍ പഞ്ചായത്ത് കൗണ്‍സില്‍ യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജില്ലയുടെ നെല്ലറയായ ആവള പാണ്ടിയില്‍ നെല്‍കൃഷി ചെയ്യുന്ന കര്‍ഷകരുടെ നിരന്തരമായ ആവശ്യങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന കൃഷിവകുപ്പിന്റെ നിസ്സംഗത അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ആവള പാണ്ടി കൃഷി യോഗ്യമാക്കാന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാനും ആവശ്യമായ സാമ്പത്തിക സഹായവും നെല്‍കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണം. പഞ്ചായത്തിലെ കരുവോടുചിറ അടക്കമുള്ള നെല്‍കൃഷിക്ക് അനുയോജ്യമായ വയലുകള്‍ കൃഷിയോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം കര്‍ഷകരെ അണിനിരത്തി പ്രക്ഷോഭത്തിന് മുസ്ലിം ലീഗ് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

യോഗം ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അബ്ദുല്‍ കരീം കോച്ചേരി അധ്യക്ഷതവഹിച്ചു. ആര്‍.കെ.മുനീര്‍, ഒ.മമ്മു, പി.കെ.മൊയ്തീന്‍, സി.പി.കുഞ്ഞമ്മദ്, എന്‍.എം.കുഞ്ഞബ്ദുള്ള, കെ.മൊയ്തു, കാസിം.എം, മൊയ്തു, കുനീമ്മല്‍ മൊയ്തു, കെ.മുഹമ്മദ്, പികുഞ്ഞമ്മദ് ഹാജി, ഇല്യാസ് ഇല്ലത്ത്, എന്‍.കെ.ഇബ്രാഹിം, ബി.എം മൂസ, എ.കെ.മുഹമ്മദ്, സി.കെസമദ്, കെ.ഉബൈദ് സംസാരിച്ചു. ജനറല്‍ സെക്രട്ടറി എം.വി.മുനീര്‍ സ്വാഗതവും കെ.കെനൗഫല്‍ നന്ദിയും പറഞ്ഞു.