തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വെടിയേറ്റു


വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വെടിയേറ്റു. അദ്ദേഹത്തിന്റെ ചെവിക്കാണ് വെടിയേറ്റത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ട്രംപിന് നേരേ ആക്രമണമുണ്ടായത്. വേദിയില്‍ നിരവധി തവണ വെടിയൊച്ച കേട്ടതായാണ് റിപ്പോര്‍ട്ട്.


ഉടന്‍തന്നെ സുരക്ഷാസേനാംഗങ്ങള്‍ ട്രംപിനെ വേദിയില്‍നിന്ന് മാറ്റി. ട്രംപ് പ്രസംഗിക്കുന്നതിനിടെ വേദിയില്‍നിന്ന് വെടിയൊച്ച കേട്ടിരുന്നെങ്കിലും ഇത് ആദ്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് പുറത്തുവന്ന ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. തൊട്ടുപിന്നാലെ വെടിയൊച്ചകള്‍ക്കൊപ്പം അദ്ദേഹം വലതുചെവി പൊത്തിപ്പിടിക്കുന്നതും ഉടന്‍തന്നെ സുരക്ഷാസേനാംഗങ്ങള്‍ ഓടിയെത്തി അദ്ദേഹത്തെ സുരക്ഷിതനാക്കുന്നതും ദൃശ്യങ്ങളിലുണ്ട്.