മുന്‍മന്ത്രി പി.സിറിയക് ജോണ്‍ അന്തരിച്ചു


കട്ടിപ്പാറ: മുന്‍ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി.സിറിയക് ജോണ്‍ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. മകന്‍ മനോജിന്റെ കോഴിക്കോട് കോവൂരിലെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. മറവി രോഗത്തെ തുടര്‍ന്ന് രണ്ടുവര്‍ഷമായി ചികിത്സയിലായിരുന്നു.

1933 ജൂണ്‍ 11നായിരുന്നു ജനനം. കല്‍പ്പറ്റ നിയമസഭാമണ്ഡലത്തില്‍നിന്നും കോണ്‍ഗ്രസ്(ആര്‍) പ്രതിനിധിയായിനാലാം കേരളനിയമസഭയിലും, തിരുവമ്പാടിയില്‍നിന്നും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് അഞ്ച്, ആറ്, ഏഴ്നിയമസഭകളിലും അംഗമായി. 1982-83 കാലഘട്ടത്തില്‍ കരുണാകരന്‍ മന്ത്രിസഭയിലെകൃഷിവകുപ്പ് മന്തിയുമായിരുന്നു സിറിയക് ജോണ്‍. തുടര്‍ച്ചയായി നാലു തവണ നിയമസഭയിലേക്ക് വിജയിക്കുകയും ചെയ്തിരുന്നു.

സഹകരണമേഖല സംഘടനാ രംഗത്ത് വളരെനാള്‍ പ്രവര്‍ത്തിച്ച സിറിയക് ജോണ്‍ താമരശ്ശേരി സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള സംസ്ഥാന മാര്‍ക്കടിംഗ് സഹകരണാ ഫെഡറേഷന്‍ പ്രസിഡന്റ്, ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കെ.പി.സി.സി., കെ.പി.സി.സി. എക്‌സിക്യൂട്ടീവ് അംഗം കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു.

സംസ്‌കാരം നാളെ വൈകുന്നേരം നാലുമണിക്ക് കട്ടിപ്പാറ ഹോളിഫാമിലി ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും.