കാട്ടിലപ്പീടികയില്‍ യുവാവിനെ കാറിനുള്ളില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ വാഹനം പരിശോധിക്കുന്നു


കൊയിലാണ്ടി: ഇന്നലെ വൈകുന്നേരം കാട്ടിലപ്പീടികയില്‍ യുവാവിനെ കാറിനുള്ളില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. വണ്‍ ഇന്ത്യ എ.ടി.എം കമ്പനിയിലെ റീഫില്‍ ഏജന്റായ പയ്യോളി സ്വദേശി സുഹൈലിനെയാണ് കയ്യും കാലും കെട്ടിയിട്ട് ദേഹത്ത് മുളകുപൊടി വിതറിയിട്ട നിലയില്‍ കാറിനുള്ളില്‍ നിന്നും കണ്ടെത്തിയത്. കൊയിലാണ്ടിയിലെ ഫെഡറല്‍ ബാങ്കില്‍ നിന്നും പണമെടുത്തശേഷം കുരുടിമുക്കിലെ എ.ടി.എമ്മില്‍ ഇടാനായി പോകവേ വഴിയില്‍വെച്ച് ഒരു സംഘം ആക്രമിച്ച് ബോധം കടത്തിയശേഷം പണം തട്ടിയെടുക്കുകയും കാര്‍ കാട്ടിലപ്പീടികയില്‍ ഉപേക്ഷിച്ച് മടങ്ങുകയുമായിരുന്നെന്നാണ് സുഹൈല്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പൊലീസ് ഇത് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല.

കുരുടിമുക്കിലേക്ക് പോകവേ വഴിയില്‍വെച്ച് പര്‍ദ്ദയിട്ട ഒരു സ്ത്രീ കാറിന് കൈ കാണിച്ചെന്നും നിര്‍ത്തിയപ്പോള്‍ രണ്ടുപേര്‍വന്ന് ആക്രമിച്ച് ബോധം കെടുത്തുകയായിരുന്നെന്നുമാണ് ഇയാള്‍ പറഞ്ഞത്. ഇയാള്‍ ആക്രമിക്കപ്പെട്ടുവെന്ന് പറഞ്ഞ കുരുടിമുക്കിലെ സ്ഥലം പൊലീസ് ഇന്നലെ പരിശോധിച്ചിരുന്നു. ബലപ്രയോഗം നടന്നതായുള്ള യാതൊരു തെളിവുകളും ഇവിടെ നിന്ന് ലഭിച്ചിട്ടില്ല. എ.ടി.എമ്മിലേക്ക് പണവുമായി പോകുമ്പോള്‍ ഉണ്ടാവേണ്ട സുരക്ഷാമുന്‍കരുതലുകളൊന്നും ഈ വാഹനത്തിലുണ്ടായിരുന്നില്ല. ഇത്രയും പണവുമായി പോകുമ്പോള്‍ അപരിചിതരെ കണ്ട് വാഹനം നിര്‍ത്തിയെന്ന കാര്യവും സംശയത്തിന് ഇടയാക്കുന്നുണ്ട്.

സുഹൈലിനെ കണ്ടെത്തിയ കാര്‍ കോഴിക്കോട് നിന്നെത്തിയ ഫോറന്‍സിക് സംഘവും വടകരയില്‍ നിന്നുള്ള വിരലടയാള വിദഗ്ധരും പരിശോധിക്കുന്നുണ്ട്. ഇന്ന് രാവിലെ സുഹൈലുമായി പൊലീസ് സംഘം കുരുടിമുക്കിലേക്ക് തിരിച്ചിട്ടുണ്ട്. മറ്റൊരു സംഘം സുഹൈല്‍ കടന്നുപോയിവെന്ന് പറയപ്പെടുന്ന വഴിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ട്.

കാട്ടിലപ്പീടികയില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ നിന്നും ശബ്ദംകേട്ട് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് യുവാവിനെ കയ്യുംകാലും കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ കൊയിലാണ്ടി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Summary: Forensic and fingerprint experts examine the vehicle in koyilandy