ഉയിന്റെമ്മോ…തൊടല്ലേ, പൊള്ളും! ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ്ണ വില; പവന് അറുപതിനായിരം കടന്നു


തിരുവനന്തപുരം: ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടു. പവന് 600 രൂപ ഒറ്റയടിക്ക് വര്‍ധിച്ച് സ്വര്‍ണവില 60,000 കടന്നു, ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 60,200 രൂപയാണ്.

തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്. ഇന്നലെയും ഇന്നുമായി 720 രൂപയോളമാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ജനുവരി ഒന്ന് മുതല്‍ സ്വര്‍ണവില ഉയരുന്നുണ്ട്. ജനുവരി ഒന്നിന് 57,200 ആയ സ്വര്‍ണവില രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്ക് 59,000 ത്തിലേക്ക് എത്തി. ഇപ്പോള്‍ മൂന്നാഴ്ച പിന്നിടുമ്പോള്‍ 60000 കടന്നിരിക്കുകയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7,525 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6205 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 99 രൂപയാണ്.