വിജയത്തിളക്കം ആഘോഷിച്ച് ബ്രസീലും പോർച്ചുഗലും, തോൽവിയിലും ആവേശമൊട്ടും കുറയാതെ അർജന്റീന; ഫാൻസ് ഷോയിൽ തകർത്താടി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ വിദ്യാര്‍ത്ഥികള്‍ (വീഡിയോ കാണാം)


കൊയിലാണ്ടി: നാടെങ്ങും ലോകകപ്പ് ഫുട്‌ബോള്‍ ലഹരിയിലാണ്. ഇഷ്ടടീമുകളുടെ ജേഴ്‌സിയണിഞ്ഞും അവരുടെ ഫ്‌ളക്‌സ് ബോര്‍ഡും കട്ടൗട്ടുകളും ഉയര്‍ത്തിയും എതിര്‍ടീമുകളോട് വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയുമെല്ലാം എല്ലാ ഫുട്‌ബോള്‍ ആരാധകരും ഖത്തറിലെ ഉത്സവം ആഘോഷിക്കുകയാണ്.

നമ്മുടെ കൊയിലാണ്ടിയിലും ആവേശത്തിന് ഒട്ടും കുറവില്ല. കൊയിലാണ്ടിയിലെ ഫുട്‌ബോള്‍ ആരാധകരുടെ പല വാര്‍ത്തകളും ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ കുട്ടി ആരാധകരുടെ ആഘോഷമാണ് ഇപ്പോള്‍ നാട്ടിലെങ്ങും ചര്‍ച്ചയായിരിക്കുന്നത്.

ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ സംയുക്തമായാണ് ഫാന്‍സ് ഷോ സംഘടിപ്പിച്ചത്. സ്‌കൂള്‍ വിട്ടതിന് ശേഷം വൈകീട്ട് നാല് മണി മുതലായിരുന്നു വിദ്യാര്‍ത്ഥികളുടെ ആഘോഷം. നാല് മണിക്ക് തുടങ്ങിയ പരിപാടി അഞ്ചര കഴിഞ്ഞാണ് അവസാനിച്ചത്.

അര്‍ജന്റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍ എന്നീ ടീമുകളുടെ ആരാധകരാണ് ആഘോഷത്തില്‍ കൂടുതലായി ഉണ്ടായിരുന്നത്. തങ്ങളുടെ ടീമിന്റെ ജേഴ്‌സി അണിഞ്ഞും കൊടി വീശിയും റിബണുകളേന്തിയുമായിരുന്നു ആഘോഷം. ആഘോഷത്തിന് മാറ്റ് കൂട്ടാനായി ബാന്റ് മേളത്തിന്റെ അകമ്പടിയും വര്‍ണ്ണപ്പൊടികളുമെല്ലാം ഉണ്ടായിരുന്നു.

സ്‌കൂള്‍ ഗെയിറ്റിന് മുന്നില്‍ നിന്ന് തുടങ്ങിയ ഫുട്‌ബോള്‍ ആവേശം റെയില്‍വേ സ്‌റ്റേഷന്‍ റോഡിലൂടെ നീങ്ങി. പിന്നീട് കൊയിലാണ്ടി സ്റ്റേഡിയത്തിലെത്തിയാണ് ആഘോഷം അവസാനിച്ചത്. ഇതിന്റെ ചെലവിനാവശ്യമായ പണം വിദ്യാര്‍ത്ഥികള്‍ തന്നെ പിരിച്ചെടുക്കുകയായിരുന്നു.

ലോകകപ്പിലെ ആദ്യ കളി തോറ്റെങ്കിലും മെസിയും കൂട്ടരും അതിശക്തമായി തിരിച്ചുവരുമെന്നാണ് ആഘോഷത്തില്‍ പങ്കെടുത്ത ഒരു അര്‍ജന്റീന ആരാധിക കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. അടുത്ത കളിക്കായി ആവേശത്തോടെ കാത്തിരിക്കുകയാണെന്നും കുഞ്ഞ് ആരാധിക പറയുന്നു. അടുത്ത കളിയില്‍ അര്‍ജന്റീന ജയിച്ചാലും ഇല്ലെങ്കിലും ഇത്തവണത്തെ ലോകകപ്പ് നെയ്മറും കൂട്ടരുമാണ് ഉയര്‍ത്തുക എന്നാണ് ഇതിന് മറുപടിയായി ബ്രസീല്‍ ആരാധകര്‍ പറഞ്ഞത്.

ആഘോഷത്തിന്റെ വീഡിയോ കാണാം: