100 കിലോ വരുന്ന ആമ, ഈ ജന്മത്ത് ഇനി കാണാനാകൂല! മണിയൂര്‍ പാലയാട് നടയില്‍ നിന്നും കണ്ടെത്തിയ ‘ഭീമന്‍ കടലാമ’യുടെ ദൃശ്യങ്ങള്‍
വടകര: മണിയൂര്‍ പാലയാട് നടയില്‍ നിന്നും കണ്ടെത്തിയ ഭീമന്‍ കടലാമയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഏതാണ്ട് നൂറു കിലോയോളം തൂക്കം വരുന്ന ആമയെക്കുറിച്ച് നാട്ടുകാരില്‍ ഒരാള്‍ വിശദീകരിക്കുന്നതാണ് ദൃശ്യങ്ങള്‍. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ചൊവ്വാപ്പുഴയോട് ചേര്‍ന്ന് തുരുത്തിയില്‍ കുഞ്ഞിരാമന്റെ ഉടമസ്ഥതയിലുള്ള തോട്ടില്‍ നിന്നാണ് കടലാമയെ കണ്ടെത്തിയത്.
കുഞ്ഞിരാമന്റെ മകന്‍ രാജീവന്‍ തോട്ടിലൂടെ തോണിയില്‍ വരുമ്പോഴായിരുന്നു ആമയെ കണ്ടത്. വലിപ്പം കണ്ടപ്പോള്‍ ആദ്യം ചീങ്കണ്ണിയാണെന്നാണ് കരുതിയത്. എന്നാല്‍ സൂക്ഷ്മമായി നോക്കിയപ്പോഴാണ് കടലാമയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് രാജീവന്‍ വിവരമറിയിച്ചതോടെ നാട്ടുകാര്‍ സ്ഥലത്തെത്തി. ശേഷം പോലീസിലും ഫോറസ്റ്റ് വകുപ്പിലും വിവരം വിളിച്ചു പറഞ്ഞു.
ഉച്ചയോടെ കൊളാവിപ്പാലത്ത് നിന്നും തീരം ഭാരവാഹികളെത്തി ആമയെ കൊണ്ടുപോവുകയായിരുന്നു. നാലു പേര്‍ ചേര്‍ന്നാണ് ആമയെ പ്ലാസ്റ്റിക് ഷീറ്റില്‍ പിടിച്ചു കൊണ്ടു പോയത്. ഏതാണ്ട് ഒരു മീറ്ററോളം നീളവും 70 സെന്റീ മീറ്റര്‍ വീതിയുമാണ് ആമയ്ക്കുള്ളത്. ഗ്രീന്‍ ടര്‍ട്ടില്‍ ഇനത്തില്‍പ്പെട്ടതാണ് ഈ ഭീമന്‍ ആമ.
തീരം പ്രകൃതി സംരക്ഷണ കേന്ദ്രത്തിലെത്തിച്ച ആമയെ ഫോറസ്റ്റ് വകുപ്പില്‍ നിന്ന് നിര്‍ദേശം ലഭിച്ചതിന് ശേഷം തിരിച്ച് കടലിലേക്ക് അയക്കുമെന്ന് തീര പ്രകൃതി സംരക്ഷണ സമിതി വൈസ് പ്രസിഡന്റ് സതീശന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ആമകളെ സംരക്ഷിക്കുന്ന പ്രത്യേകതരം അക്വേറിയത്തിലാണ് ആമയെ കിടത്തിയിരിക്കുന്നത്. നിരവധി പേരാണ് ഭീമന്‍ ആമയെ കാണാന്‍ കൊളാവിപ്പാലത്തേക്ക് എത്തികൊണ്ടിരിക്കുന്നത്.
വീഡിയോ കാണാം..