ഷവർമ്മ കഴിച്ച് ഒരു മരണം, മൂന്നു കുട്ടികൾ ഐ.സി.യുവിൽ; സംസ്ഥാനത്തെ ഷവർമ്മ വില്പന കേന്ദ്രങ്ങളിൽ കർശന പരിശോധനയ്ക്ക് ഉത്തരവ്


കാസര്‍കോട്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച വിദ്യാര്‍ഥിനി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിര്‍ദേശം. ദേവനന്ദയോടൊപ്പം ഷവർമ്മ കഴിച്ച സുഹൃത്തുക്കൾക്കും അടുത്ത ദിവസം ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു. മുപ്പത്തിനാല് പേർ ചികിത്സ തേടിയതിൽ മൂന്നു പേർ ഐ.സി.യു വിലാണ്.

ഇതിനെ തുടർന്നാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ ഷവര്‍മ വില്പന കേന്ദ്രങ്ങളില്ലാം പരിശോധന നടത്താനാണ് ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ വി.ആര്‍. വിനോദിന്റെ നിര്‍ദേശം. ഷവര്‍മ വില്‍ക്കുന്ന സ്ഥാപനങ്ങളിലെ വൃത്തി, ഉപയോഗിക്കുന്ന മാംസം, മയണൈസ്, സ്ഥാപനത്തിന് ലൈസന്‍സുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുക.

ചികിത്സയില്‍ കഴിയുന്ന കുട്ടികളെ നിരീക്ഷിക്കാനും സംഭവത്തില്‍ വിശദമായ പരിശോധന നടത്താനും അഞ്ചംഗ മെഡിക്കല്‍ സംഘത്തെ രൂപവത്കരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്ന് കുട്ടികളും നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

അതിനിടെ ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ആശുപത്രിയിലായവ‍ർ ഷവർമ്മ കഴിച്ച ഐഡിയൽ ഫുഡ് പോയിൻ്റ് എന്ന സ്ഥാപനത്തിൻ്റെ മാനേജിം​ഗ് പാ‍ർട്ണർ മുല്ലോളി അനെക്സ്​ഗ‍ർ. ഷവർമ്മ തയ്യാറാക്കുന്ന നേപ്പാൾ സ്വദേശി സന്ദേശ് റായ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മനപൂർവ്വമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്.

ഈ കടയിലേക്ക് കോഴിയിറച്ചി നൽകിയ ഇറച്ചിക്കടയും ഭക്ഷ്യസുരക്ഷാവകുപ്പ് ഇന്ന് അടപ്പിച്ചിട്ടുണ്ട്. ഇവർക്ക് ലൈസെൻസ് ഇല്ലാരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെറുവത്തൂർ ബസ് സ്റ്റാന്റ് പരിസരത്തെ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഷവർമയിൽ ഉപയോഗിച്ച പഴകിയ മയോണൈസാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫുഡ് സേഫ്റ്റി ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഐഡിയൽ ഫുഡ് പോയന്റെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. കട പൂട്ടി സീൽ ചെയ്തു.

പത്തു വർഷങ്ങൾക്കു മുൻപ് 2012 ലാണ് സംസ്ഥാനത്ത് ഷവർമ കഴിച്ചതിനെ തുടർന്നുള്ള വിഷബാധ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. തിരുവനന്തപുരം വഴുതക്കാടുള്ള ഹോട്ടലിൽ നിന്ന് ഷവർമ്മ വാങ്ങി കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ചതെന്നായിരുന്നു പരാതി. വഴുതക്കാട്ടെ ഹോട്ടലിൽ നിന്നും ഷവർമ കഴിച്ചത് മൂലമുള്ള ഭക്ഷ്യവിഷബാധയാണ് കാരണമെന്നായിരുന്നു പരാതി. വഴുതക്കാട്ടെ ഹോട്ടലിൽ നിന്നു ഷവർമ കഴിച്ച മറ്റു 10 പേർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്നു അന്ന് ഭക്ഷ്യവകുപ്പ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കട അടപ്പിച്ചെങ്കിലും ഇന്നും ആ കേസ് പൂർണ്ണമായിട്ടില്ല.

[bot1]