ആരോഗ്യവകുപ്പിന്റെ പരിശോധനയില്‍ വടകരയില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി; പരിശോധന നടന്നത് എടോടിയിലെ സ്‌പൈസി ചിപ്‌സ്, കരിമ്പന ഹോട്ടല്‍, ടേസ്റ്റി കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍


വടകര: ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ വടകരയില്‍ നിന്നും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആരോഗ്യസാധനങ്ങള്‍ പിടിച്ചെടുത്തു. നഗരപരിധിയിലെ ഹോട്ടല്‍, കൂള്‍ബാര്‍, ടീഷോപ്പ്, ബേക്കറി തുടങ്ങി പത്തോളം സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്.

രാത്രിയും പുലര്‍ച്ചെയുമായിരുന്നു പരിശോധന. പുതിയ സ്റ്റാന്റിനു സമീപം പ്രവര്‍ത്തിക്കുന്ന ചായപ്പീടിക, ടേസ്റ്റി കൂള്‍, മേപ്പയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ സണ്‍വേ, ഗവ. ഹോസ്പിറ്റല്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ കരിമ്പന, എടോടിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌പൈസി ചിപ്‌സ് എന്നീ സ്ഥാപനങ്ങളില്‍ നിന്നാണ് പഴകിയ, ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തത്.

മതിയായ ശുചിത്വ സംവിധാനങ്ങളില്ലാതെയാണ് പല ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സണ്‍വേ ഹോട്ടലില്‍ നിന്ന് മലിനജലം പൊതു ഡ്രെയ്‌നേജിലേക്കാണ് ഒഴുക്കിവിടുന്നത്. ചിലല സ്ഥാപനങ്ങളുടെ അടുക്കളയും പരിസരവും വൃത്തിഹീനമായ നിലയിലാണെന്ന് കണ്ടെത്തി.

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നഗരസഭ ഹെല്‍ത്ത് വിഭാഗം പരിശോധന കര്‍ശനമാക്കിയത്.

പരിശോധന വരുംദിവസങ്ങളിലും തുടരുമെന്ന് മുനിസിപ്പല്‍ സെക്രട്ടറി എന്‍.കെ.ഹരീഷ് അറിയിച്ചു. മതിയായ ശുചിത്വവും ലൈസന്‍സും മാനദണ്ഡങ്ങളും പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കുറ്റങ്ങള്‍ ആവര്‍ത്തിക്കുന്നപക്ഷം ലൈസന്‍സ് റദ്ദാക്കല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വിന്‍സെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.ജി.അജിത്, കമലാക്ഷി, ജെ.എച്ച്.ഐമാരായ എം.പി.രാജേഷ് കുമാര്‍, പി.സിന്ധു, പി.കെ.വിഗിഷ, രമ്യ, ദീപിക, ഡ്രൈവര്‍ ദിനേശന്‍, ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു.