സ്ഥിരം ലോഡ് കയറ്റാനുള്ളത് 65ലധികം ലോറികളും, 130ലധികം തൊഴിലാളികളും, കരാറുകാർ പരിചയത്തിലുള്ളവരെ കൊണ്ടുവരുന്നു; പരിഹാരമാകാതെ തിക്കോടി എഫ്.സി.ഐയിലെ ചരക്കുനീക്കം
പയ്യോളി: ദിവസങ്ങൾ പിന്നിട്ടിട്ടും പരിഹാരമാകാതെ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ തിക്കോടിയിലെ ഗോഡൗണിലെ ലോറി തൊഴിലാളികളും കരാറുകാരനും തമ്മിലുള്ള തര്‍ക്കം. തൊഴിൽ നിഷേധിക്കുവെന്നാരോപിച്ചാണ് സ്ഥിരമായി ലോഡ് എടുക്കുന്ന ലോറി തൊഴിലാളികളും, വിതരണ കരാര്‍ ഏറ്റെടുത്ത കരാറുകാരനും തമ്മിൽ തര്‍ക്കം ആരംഭിച്ചത്. ഇതോടെ ചരക്കുനീക്കവും സ്തംഭിച്ചിരുന്നു.
കരാറുകാരന്റെ കീഴിലുള്ള ലോറികള്‍ മാത്രം ഗോഡൗണിന് അകത്തേക്ക് പ്രവേശിപ്പിക്കാന്‍ ശ്രമിച്ചതോടെ സംയുക്ത കോഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ വീണ്ടും വണ്ടി തടഞ്ഞു. ചരക്കുനീക്കം തടഞ്ഞ തൊഴിലാളികളെ പോലീസ് എത്തിയാണ് അറസ്റ്റുചെയ്തുനീക്കിയത്. അറസ്റ്റുചെയ്ത അമ്പതോളം സമരക്കാരെ സ്റ്റേഷൻജാമ്യത്തിൽ വിട്ടയച്ചു. ഇതോടെ കരാറുകാരന്റെ ലോറികളില്‍ ലോഡ് കയറ്റാന്‍ ആരംഭിച്ചു. രണ്ടുദിവസമായി മുടങ്ങിയ ചരക്കുനീക്കമാണ് പുനരാരംഭിച്ചത്.
വടകര, കൊയിലാണ്ടി താലൂക്കുകളിലെ റേഷന്‍ കടകളിലേക്ക് അരി, ഗോതതമ്പ് ഉള്‍പ്പെടെയുള്ള ധാന്യങ്ങളാണ് തിക്കോടിയിലെ എഫ്.സി.ഐയില്‍ നിന്നും പ്രധാനമായും കയറ്റിപ്പോവുന്നത്. സ്ഥിരം ലോഡ് കയറ്റുന്നവരായ 65ലധികം ലോറികളും അതിനെ ആശ്രയിച്ച് കഴിയുന്ന 130ലധികം തൊഴിലാളികളുടെയും ജീവിതമാർഗമാണ് എഫ്.സി.ഐ. എന്നാൽ അടുത്തകാലത്തായി മറ്റ് താലൂക്കുകളില്‍നിന്ന് അനുമതി വാങ്ങിയെടുക്കുന്ന കരാറുകാര്‍ അവരുടെ പരിചയത്തിലുള്ള ലോറികളുമായി നേരിട്ടെത്തി ലോഡ് എടുക്കാൻ ആരംഭിച്ചു. ഇതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. പ്രശ്നപരിഹാരത്തിനായി പയ്യോളി പോലീസ് സി.ഐ കെ.സി സുഭാഷ് ബാബു സാന്നിധ്യത്തില്‍ കഴിഞ്ഞദിവസം ഇരുവിഭാഗങ്ങളും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു.
തൊഴിലാളികളെ പട്ടിണിയിലാക്കി തൊഴില്‍ നിഷേധിക്കുന്ന അധികൃതരുടെ നിലപാടില്‍ കോഓഡിനേഷന്‍ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. വരും ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭത്തിന് കമ്മിറ്റി നേതൃത്വം കൊടുക്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
Summary: food corporation of india thikodi loading issue