‘മൗസ് എഫ് എമ്മിലേക്ക് സ്വാ​ഗതം, ഇന്നത്തെ വിശേഷങ്ങൾ അറിയാം’; റേഡിയോ സ്റ്റേഷനുമായി മൊടക്കല്ലൂർ എ.യു.പി സ്കൂൾ


ള്ള്യേരി: മൊടക്കല്ലൂർ എ.യു.പി സ്കൂളിൽ നിലവിൽ വന്ന മൗസ് – എഫ് എം റേഡിയോ സ്റ്റേഷൻ എം കെ രാഘവൻ എം പി ഉദ്‌ഘാടനം ചെയ്തു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ അശ്വിൻദേവ് ടി ഡി, വിഷ്ണു വി എസ് എന്നിവരുടെ സഹായത്താലാണ് റേഡിയോ സ്റ്റേഷൻ സാക്ഷാത്ക്കരിക്കപ്പെട്ടത്. കൊയിലാണ്ടി ഉപജില്ലയിൽ ആദ്യമായാണ് ഒരു പൊതു വിദ്യാലയത്തിൽ ഇങ്ങനെയൊരു സംരംഭം പ്രവർത്തനമാരംഭിച്ചതെന്ന് അധീകൃതർ പറഞ്ഞു.

സ്കൂൾ ഗ്രൗണ്ടിൽ കായികാധ്യാപകൻ നിർമ്മിച്ച ജമ്പിങ് പിറ്റിന്റെ ഉദ്‌ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജും, പഠനോത്സവത്തിന്റെ ഉദ്‌ഘാടനം അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രനും നിർവഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ എൻ ഡി പ്രജീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡന്റ് പ്രേംജിത്ത് പിലാച്ചേരി അധ്യക്ഷത വഹിച്ചു.

അത്തോളി പഞ്ചായത്ത് അം​ഗങ്ങളായ ബൈജു കൂമുള്ളി, രേഖ വെള്ളത്തോട്ടത്തിൽ, അധ്യാപകരായ കെ.പി പ്രകാശൻ, മുഹമ്മദ് പി.ടി, സ്കൂൾ ലീഡർ അനന്തു വി എന്നിവർ സംസാരിച്ചു. കലാരംഗത്തെ മികവിന് കേരള സംസ്ഥാന വജ്രജൂബിലി ഫെല്ലോഷിപ്പ് നേടിയ തെയ്യം കലാകാരൻ സിജു പാണൻകണ്ടി, ചുവർചിത്ര കലയിൽ അഖില ഭാരതീയ പുരസ്ക്കാരം നേടിയ വി.എം ജിജുലാൽ, എൽ.എസ്.എസ് ജേതാവ് ശ്രീഹരി യു.എ, യു.എസ് എസ് ജേതാക്കളായ ആദിനാഥ്‌ കൃഷ്ണ, നിവേദ്‌കൃഷ്ണ ബി.എസ് എന്നിവരെയും ആദരിച്ചു.