കാറില്‍ കടത്താന്‍ ശ്രമം; മാരക ലഹരിമരുന്നായ എംടിഎംഎയുമായി കൊയിലാണ്ടി സ്വദേശിയടക്കം അഞ്ച് പേര്‍ പിടിയില്‍


കൊയിലാണ്ടി: മാരക ലഹരിമരുന്നായ എംടിഎംഎയുമായി അഞ്ച് യുവാക്കള്‍ എലത്തൂര്‍ പോലീസിന്റെ പിടിയില്‍. കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡിലെ പി.പി ഹൗസില്‍ അനുഗ്രഹ് (28), പുതുക്കുടി മുത്തോന മുഹമ്മദ് സുല്‍ഫിക്കര്‍(28) തലക്കുളത്തൂര്‍ പേരാളിത്താഴം ജിഷാദ് (27), വെട്ടിപ്പാറ, ബൈത്തുള്‍ഇസയില്‍ ഫൈസല്‍ റഹ്‌മാന്‍ (28) കോഴിക്കോട് പാളത്ത് ബീനാസ് ഹൗസില്‍ ബിനോയ് (25) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 2.72 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

പാവങ്ങാട് കെ.എസ്.ഇ.ബി ഓഫീസ് പരിസരത്ത് നിന്ന് വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ പോലീസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും അളവ് തൂക്ക ഉപകരണവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

പ്രിന്‍സിപ്പല്‍ എസ്.ഐ. ആര്‍. അരുണ്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പക്ടര്‍ സുരേഷ് കുമാര്‍, ഹോം ഗാര്‍ഡ് വേണുഗോപാല്‍, ഡ്രൈവര്‍ സി.പി.ഒ. ഷിജിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.